കൊച്ചി: ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ 'ഫാക്ടറി കസ്റ്റം' വിഭാഗത്തിന്‍റെ തുടക്കക്കാരായ ജാവ യെസ്ഡി ആ വിഭാഗത്തില്‍ ആധിപത്യം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പുതിയ ജാവ 42 ബോബര്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ബോബറും ഫാക്ടറി കസ്റ്റം സംസ്കാരവും അടുത്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ള ഈ പുതിയ മോട്ടോര്‍സൈക്കിള്‍ ബോബര്‍ മിതമായ ബോഡി വര്‍ക്ക്, ചോപ്പഡ് ഫെന്‍ഡര്‍, താഴ്ന്ന സിംഗിള്‍ സീറ്റ്, തടിച്ച ടയറുകള്‍ എന്നിവയോടെയാണ് എത്തുന്നത്.
പുതിയ ജാവ 42 ബോബറില്‍ 334സിസി എഞ്ചിനാണുള്ളത്. ഇത് 30.64പിഎസ് പവറും, 32.74 എന്‍എം ടോര്‍ക്കും നല്‍കുന്നു. ഇത് 6സ്പീഡ് ട്രാന്‍സ്മിഷനുമായാണ് എത്തുന്നത്. ഡിസൈനും സ്റ്റൈലിംഗും മാത്രമല്ല, 'ഫാക്ടറി കസ്റ്റം' അനുഭവം ഉയര്‍ത്തുന്നതിനുള്ള എര്‍ഗണോമിക്, മെച്ചപ്പെടുത്തിയ ടെക്നോളജിയും പുതിയ 42 ബോബറിന്‍റെ സവിശേഷതയാണ്.
പുതിയ ജാവ 42 ബോബറിലൂടെ സ്റ്റൈലിഷും വ്യതിരിക്തവുമായ കസ്റ്റം മോട്ടോര്‍ സൈക്കിള്‍ ആഗ്രഹിക്കുന്ന റൈഡര്‍മാരുടെ താല്‍പര്യങ്ങള്‍ പരിഗണിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ക്ലാസിക് ലെജന്‍ഡ്സ് സിഇഒ ആശിഷ് സിംഗ് ജോഷി പറഞ്ഞു.
മിസ്റ്റിക് കോപ്പര്‍, മൂണ്‍സ്റ്റോണ്‍ വൈറ്റ്, ജാസ്പര്‍ റെഡ് (ഡ്യുവല്‍ ടോണ്‍) എന്നിങ്ങനെ ആകര്‍ഷകമായ മൂന്ന് നിറങ്ങളില്‍ പുതിയ ജാവ 42 ബോബര്‍ ലഭ്യമാകും. മിസ്റ്റിക് കോപ്പറിന് 2,06,500 രൂപയും മൂണ്‍സ്റ്റോണ്‍ വൈറ്റിന് 2,07,500 രൂപയും ജാസ്പര്‍ റെഡിന് 2,09,187 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില.
അടുത്ത ആഴ്ച ആദ്യം മുതല്‍ ജാവ യെസ്ഡി ഡീലര്‍ഷിപ്പുകളിലുടനീളം ഇത് ടെസ്റ്റ് റൈഡുകള്‍ക്കും ഡെലിവറികള്‍ക്കും ലഭ്യമാകും.