കോവിഡ് മഹാമാരി മൂലം വ്യാപാരം നഷ്ടപ്പെട്ട രണ്ട് ഓണക്കാലമാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കടന്ന് പോയത്. ഈ ഓണക്കാലത്ത് എങ്കിലും സമാധാനാപൂർവ്വം വ്യാപാരം നടത്താൻ പറ്റാത്ത സ്ഥിതിവിശേഷമാണ് ഇപ്പോൾ നേരിടുന്നത്. വ്യാപാരികൾ നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കണ്ടില്ലങ്കിൽ തിരുവേണനാളുകളിൽ വ്യാപാര മേഖല സംഘർഷഭരിതമാകുകയും സമാധാന അന്തരീക്ഷം നഷ്ടപ്പെടുകയും ചെയ്യുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു.
ടെസ്റ്റ് പർച്ചേസിൻ്റെ പേരിൽ ജി.എസ്.റ്റി. വകുപ്പിലെ ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ തിരക്കുള്ള സമയം നോക്കി കടകളിൽ കയറി എന്തെങ്കിലും ചെറിയ സാധനങ്ങൾ വാങ്ങി ധൃതിയിൽ ബില്ല് വാങ്ങാതെ പോയി തിരിച്ച് വന്ന് ഭീമമായ തുക ഫൈൻ ഈടാക്കുകയാണ്. സർക്കാർ നടപ്പിലാക്കിയിട്ടുള്ള ലക്കി ആപമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണഫലം പറഞ്ഞ് മനസ്സിലാക്കി ബിൽ നൽകുന്ന വ്യാപാരികളുടെ സ്ഥാപനങ്ങളിൽ പോലും മന: പൂർവ്വമായി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
പ്ലാസ്റ്റിക് നിരോധനത്തിന് വ്യാപാരികൾ എതിരല്ല. ഇവിടെ പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കുന്നതിനും അത് സ്വന്തമായി ഉപയോഗിക്കുന്നതിനും റിലയൻസ് പോലുള്ള കോർപ്പറേറ്റ്കൾക്ക് കേന്ദ്ര ഗവ. അനുമതി നൽകുകയും സാധാരണക്കാരായ വ്യാപാരികൾക്ക് വിലക്ക് ഏർപ്പെടുത്തുകയുമാണ്. ബ്രാൻഡഡ് കമ്പനികൾക്ക് ഇവ ഉപയോഗിച്ച് പായ്ക്ക് ചെയ്ത വസ്തുക്കൾ വിൽപന നടത്തുന്നതിനു് യാതൊരു വിലക്കുമില്ല. ഇത്തരത്തിൽ വ്യാപാരികളുടെ കടകളിൽ ഇപ്പോൾ സ്റ്റോക്ക് ഉള്ള പരിമിതമായ വസ്തുക്കൾക്ക് പോലും വിലക്ക് ഏർപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പിലെ ആരോഗ്യ വകുപ്പ് ജീവനക്കാരും മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും വന്ന് പിടിച്ചെടുത്ത് ഭീമമായ തുക പിഴശിക്ഷ വിധിക്കുകയാണ്. സ്ഥിരമായി ഒരു ബദൽ മാർഗ്ഗം പ്രാബല്യത്തിൽ വരുന്നത് വരെ പ്ലാസ്റ്റിക് നിരോധനം ഘട്ടം ഘട്ടമായ് നടപ്പിലാക്കുകയാണങ്കിൽ,അത് ചെറുകിട വ്യാപാര മേഖലക്ക് വളരെയധികം സഹായകരമാകും.പ്രത്യേകിച്ച് ലക്ഷോപലക്ഷം ചെറുകിട വ്യാപാരികൾക്കും ബേക്കറി ഉടമകൾക്കു മെല്ലാം. പ്ലാസ്റ്റിക്കിന് പകരം ലക്ഷങ്ങൾ മുടക്കി മറ്റ് പാക്കിംഗ് സാധനങ്ങൾ വാങ്ങാൻ കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന ചെറുകിട വ്യാപാരികൾക്ക് കഴിയില്ല. മാത്രമല്ല ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ മറ്റെല്ലാ സാധനങ്ങളും വിതരണം ചെയ്യുന്ന ബ്രാൻഡഡ് കമ്പനികളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാക്കിൽ തന്നെയാണ്. പെട്ടെന്നുള്ള ഈ നിരോധനം ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കും. സർക്കാർ നൽകുന്ന ഓണക്കിറ്റിൽ പോലും ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. ചിലവ് കുറഞ്ഞ ബദൽ മാർഗ്ഗങ്ങൾ പ്രാബല്യത്തിൽ വരുന്നത് വരെ പ്ലാസ്റ്റിക് നിരോധനത്തിൽ ഇളവ് അനുവദിക്കണം. ഈ രണ്ട് വിഷയങ്ങൾക്കും പരിഹാരം കാണാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിമാർക്കും നിവേദനം നൽകിയിട്ടുണ്ട്. അനുകൂല നടപടികൾ ഉണ്ടായില്ലങ്കിൽ ശക്തമായ സമരപരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് രാജു അപ്സര പറഞ്ഞു.