കൊച്ചി: ഇന്ത്യാ റിസര്‍ജന്‍സ് ഫണ്ട് (ഇന്ത്യആര്‍എഫ്), ഹൈദരാബാദ് ആസ്ഥാനമായുള്ള കെഎംസി കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡിന്റെ ഭാഗമായ തൃശൂര്‍ എക്സ്പ്രസ്വേ ലിമിറ്റഡില്‍ 75 മില്യണ്‍ ഡോളറിന്റെ (555 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപം പ്രഖ്യാപിച്ചു. ടിഇഎലിന്റെ നിലവിലുള്ള കടബാധ്യതകള്‍ തീര്‍ക്കുന്നതിനും, പദ്ധതി പൂര്‍ത്തീകരണത്തിനുമായിരിക്കും ഈ നിക്ഷേപം ഉപയോഗിക്കുക. ഇക്വിറസ് ക്യാപിറ്റല്‍ ആയിരുന്നു ഈ ഇടപാടില്‍ കെഎംസിയുടെ പ്രത്യേക ഉപദേശകര്‍.
തൃശൂരിനും വടക്കാഞ്ചേരിക്കുമിടയിലുള്ള 28 കിലോമീറ്റര്‍ ഹൈവേ പദ്ധതിക്ക് വേണ്ടിയാണ് കെഎംസി കണ്‍സ്ട്രക്ഷന്‍സ് തൃശൂര്‍ എക്സ്പ്രസ്വേ ലിമിറ്റഡ് രൂപീകരിച്ചത്. കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന നഗരങ്ങളായ കൊച്ചിയെയും സേലത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ ഭാഗമായ പദ്ധതിയാണിത്. ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ നിലവിലുള്ള രണ്ടുവരി പാത ആറുവരിയായി വികസിപ്പിച്ച്, 20 വര്‍ഷത്തേക്കുള്ള നടത്തിപ്പിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2009ലാണ് ടിഇഎല്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ഈ നിര്‍ണായക പദ്ധതി പൂര്‍ത്തിയാക്കുന്നതിനും, രാജ്യതാല്‍പര്യമുള്ള ഒരു പദ്ധതിയെ പിന്തുണക്കുന്നതിനും കെഎംസി ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്ത്യആര്‍എഫ് മാനേജിങ് ഡയറക്ടര്‍ ശാന്തനു നലവാടി പറഞ്ഞു. പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ണായക ഘട്ടത്തിലാണ് ഇന്ത്യആര്‍എഫില്‍ നിന്നുള്ള നിക്ഷേപം വരുന്നതെന്ന് കെഎംസി കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വിക്രം റെഡി പറഞ്ഞു. ദക്ഷിണേന്ത്യയിലെ നഗരങ്ങളും പ്രധാന സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്, പദ്ധതിയുടെ അവസാനഘട്ടവും പൂര്‍ത്തിയാക്കി മുഴുവന്‍ ഭാഗവും എത്രയും വേഗം തുറന്ന് നല്‍കാനാവുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.