പഞ്ചാബ്/കൊച്ചി: പഞ്ചാബിലും ഹരിയാനയിലും നിലവിലുള്ള സുരക്ഷാ ആശങ്കകളും, കവര്‍ച്ച കേസുകളിലുണ്ടാവുന്ന വര്‍ദ്ധനവ് കണക്കിലെടുത്ത് മുത്തൂറ്റ് ഫിനാന്‍സിന്‍റെ പഞ്ചാബ്, ഹരിയാന ശാഖകളില്‍ സുരക്ഷ ശക്തമാക്കി. നിലവിലെ സാഹചര്യങ്ങളില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയും, സായുധ കാവല്‍ക്കാരെയും ഏര്‍പ്പെടത്തണമെന്ന പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണിത്.
2022 ഏപ്രില്‍ 21ന് പഞ്ചാബിലെ തരന്‍ തരാന്‍ ജില്ലയില്‍ ഒരു കവര്‍ച്ച സംഘത്തെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. മൂത്തൂറ്റ് ഫിനാന്‍സിന്‍റെ കവര്‍ച്ച പ്രതിരോധ സംവിധാനവും, കൃത്യമായ പൊലീസിന്‍റെ കനത്ത ജാഗ്രതയുമാണ് സംഘത്തിന്‍റെ പദ്ധതി പരാജയപ്പെടുത്തിയത്. കവര്‍ച്ച ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ക്ക് പുറത്ത് നിരന്തര നിരീക്ഷണത്തിന്‍റെ ഫലം കൂടിയാണിത്.
നേരത്തെയും ആക്രമണം നടത്താന്‍ ക്രിമിനല്‍ സംഘം പദ്ധതിയിട്ടിരുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഈ സംഘത്തിലെ ചിലരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഭീഷണി നിലനില്ക്കുന്നതായി പൊലീസ് പറയുന്നു. ഇതേതുടര്‍ന്നാണ് മുത്തൂറ്റ് ശാഖകളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്.
തരന്‍ തരാന്‍ സിറ്റി, മോഗ, പഞ്ച്കുള മേഖല, വടക്കന്‍ മേഖലയിലെ മറ്റ് മുത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ എന്നിവിടങ്ങളില്‍ പുറത്ത് ഇതിനകം സായുധരായ ഗാര്‍ഡുകളെ വിന്യസിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആശങ്ക അകറ്റാന്‍ എല്ലാ ശാഖകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി പ്രത്യേക സുരക്ഷിത മുറികളില്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ട്. ഇതിന് പുറമെ ഉപഭോക്താക്കള്‍ക്ക് മികച്ച സുരക്ഷ ഉറപ്പുനല്‍കുന്നതിനായി കമ്പനിയില്‍ പണയം വച്ചിരിക്കുന്ന എല്ലാ ആഭരണങ്ങളും ടാംപര്‍ പ്രൂഫ് പാക്കിങില്‍ സീലും ചെയ്തു.
സ്വര്‍ണാഭരണങ്ങളുമായുള്ള ഉപഭോക്താളുടെ വൈകാരിക ബന്ധം തങ്ങള്‍ മനസിലാക്കുന്നു അതിനാല്‍ ഉപഭോക്താവിന്‍റെ സ്വര്‍ണത്തിന് ഏറ്റവും മികച്ച സംരക്ഷണം നല്‍കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന അധികാരികള്‍ നിര്‍ദ്ദേശിച്ച പ്രകാരം പെട്ടെന്ന് തന്നെ പഞ്ചാബിലെയും ഹരിയാനയിലെയും ബ്രാഞ്ചുകള്‍ക്ക് പുറത്ത് സായുധരായ ഗാര്‍ഡുകളെ വിന്യസിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ വിശ്വാസം നിലനിര്‍ത്താന്‍ ഏറ്റവും മികച്ചത് ചെയ്യാന്‍ തങ്ങള്‍ എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.