ഇന്‍ഡസ്ട്രി 4.0 യുഗത്തിന് അനുസൃതമായ ഉല്‍പ്പാദന യൂണിറ്റ് രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയുടെ ആവശ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 200 ദശലക്ഷം സ്വിച്ചുകള്‍ നിര്‍മിക്കുക ലക്ഷ്യം
കൊച്ചി, ഏപ്രിൽ 21 , 2022: പാനസോണിക് കോര്‍പ്പറേഷന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യയുടെ പുതിയ ഉല്‍പ്പാദന യൂണിറ്റ് ആന്ധ്ര പ്രദേശിലെ ശ്രീ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദക്ഷിണേന്ത്യയില്‍ കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ വിപുലപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്റ് പ്രവര്‍ത്തിക്കുക. അത്യുന്നത നിലവാരത്തിലുള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങളോട് കൂടിയ പ്ലാന്റ് 133,584 സ്‌ക്വയര്‍ മീറ്ററിലാണ് വ്യാപിച്ചുകിടക്കുന്നത്. ദക്ഷിണേന്ത്യയില്‍ കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാണ പ്ലാന്റാണ് ശ്രീ സിറ്റിയിലേത്, ഇന്ത്യയിലെ ഏഴാമത്തെയും.
രണ്ട് ഘട്ടങ്ങളിലായി 600 കോടി രൂപയുടെ നിക്ഷേപമാണ് ശ്രീ സിറ്റി പ്ലാന്റില്‍ പാനസോണിക് നടത്തുന്നത്. ഇതില്‍ ആദ്യഘട്ടമെന്ന നിലയില്‍ 300 കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നല്‍കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആന്ധ്ര പ്രദേശിലെ വ്യാവസായിക വികസനം ത്വരിതപ്പെടുത്തുക എന്നിവയാണ് പുതിയ ചുവടുവെപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് പാനസോണിക് അധികൃതര്‍ വ്യക്തമാക്കി.
കമ്പനിയുടെ ഉല്‍പ്പാദന ശേഷി കൂട്ടാനും 2030 ആകുമ്പോഴേക്കും കാര്‍ബണ്‍ മുക്തമാകാനും ലക്ഷ്യമിട്ടാകും പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍.
പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു. വയറിങ് ഡിവൈസ് വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങളിലാണ് പ്രധാനമായും ശ്രദ്ധ നല്‍കുക. റോമ, പെന്റ മോഡുലാര്‍, റോമ അര്‍ബന്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. സ്വിച്ച്ഗിയര്‍, വയറുകള്‍, ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലേക്കും കടക്കും. ആദ്യവര്‍ഷത്തെ ഉല്‍പ്പാദന ശേഷി 80 ദശലക്ഷം യൂണിറ്റുകളാണ്. തുടര്‍ന്ന് ഓരോ വര്‍ഷവും 15 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
വയറിങ് ഡിവൈസ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാദേശികമായി സപ്ലയര്‍ നെറ്റ് വര്‍ക്ക് വികസിപ്പിക്കാനാണ് പാനസോണിക് ഉദ്ദേശിക്കുന്നത്, അതിനാല്‍ തന്നെ നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങള്‍ തദ്ദേശവാസികള്‍ക്ക് ലഭിക്കും. ആത്മനിര്‍ഭര്‍ ഭാരത്, പ്രധാന്‍മന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാകും നടത്തുകയെന്നും പാനസോണിക് വ്യക്തമാക്കി.