കൊച്ചി: പുതിയ ബിസിനസ് മൂല്യത്തിന്‍റെ കാര്യത്തില്‍ 33 ശതമാനം വാര്‍ഷിക വളര്‍ച്ച ഉള്‍പ്പെടെയുള്ള നേട്ടങ്ങളുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് 2022 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ച വെച്ചു. 21.63 ബില്യണ്‍ രൂപയുടെ പുതിയ ബിസിനസ് നേടിയ കമ്പനി പുതിയ പരിരക്ഷാ തുകകളുടെ കാര്യത്തില്‍ 25 ശതമാനവും വാര്‍ഷിക പ്രീമിയത്തിന്‍റെ കാര്യത്തില്‍ 20 ശതമാനവും വര്‍ധനവു കൈവരിച്ചു. 2022 സാമ്പത്തിക വര്‍ഷം ആനുവിറ്റി, പരിരക്ഷാ പദ്ധതികളുടെ പ്രീമിയം യഥാക്രമം 29 ശതമാനവും 35 ശതമാനവും വാര്‍ഷിക വളര്‍ച്ചയാണു കൈവരിച്ചത്.
2022 സാമ്പത്തിക വര്‍ഷം 7,731.46 ബില്യണ്‍ രൂപയുടെ പുതിയ പരിരക്ഷകളുടെ ബിസിനസ് നേടിയ കമ്പനി സ്വകാര്യ മേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ നേതൃ സ്ഥാനത്തും എത്തി.
കോവിഡ് മൂന്നാം തരംഗം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഉല്‍പാദന ക്ഷമതയെ ബാധിച്ചു എങ്കിലും കമ്പനി മികച്ച പ്രകടനമാണു കാഴ്ച വെച്ചതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എന്‍ എസ് കണ്ണന്‍ ചൂണ്ടിക്കാട്ടി. കമ്പനി പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷമുള്ള ഏറ്റവും മികച്ച പ്രതിമാന വില്‍പനയാണ് മാര്‍ച്ച് മാസത്തില്‍ ദൃശ്യമായതെന്നും അദ്ദേഹം പറഞ്ഞു.