കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ആഘാത മേഖലകള്‍ക്കുള്ള സപ്ലൈ ചെയിന്‍ വായ്പ ലഭ്യമാക്കാനായി ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കുമായി (എഡിബി) ഭാഗിക ഗ്യാരണ്ടി ഫെസിലിറ്റി കരാര്‍ (പിജിഎഫ്എ) ഒപ്പുവച്ചു. ഇതിന്‍റെ കീഴില്‍ ആക്സിസ് ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് എഡിബി ഗ്യാരന്‍റി നല്‍കും.
ഏകദേശം 150 മില്യണ്‍ ഡോളറിന്‍റെ പ്രാരംഭ അടിത്തറയുള്ള പദ്ധതിയാണിത്. രാജ്യത്തെ മികച്ച വികസനത്തിനും പാരിസ്ഥിതിക ആഘാത നിവാരണത്തിനും രണ്ട് സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയുള്ള ഈ പദ്ധതി ഇഎസ്ജിയിലും മറ്റ് മുന്‍ഗണനാ മേഖലകളിലും പ്രത്യേക ശ്രദ്ധ ചെലുത്തും.
ലഭ്യമായ ഫണ്ടിംഗും പരിഹാരങ്ങളും നല്‍കാനും അതുവഴി വ്യാപാര അന്തരീക്ഷത്തെ പിന്തുണയ്ക്കാനും തങ്ങളുടെ കോര്‍പ്പറേറ്റ്, എസ്എംഇ ഉപഭോക്താക്കളെ അവരുടെ എല്ലാ ബിസിനസ് ആവശ്യങ്ങള്‍ക്കും നൂതന സാമ്പത്തിക ഉല്‍പ്പന്നങ്ങളിലൂടെയും അനുയോജ്യമായ വായ്പാ പരിഹാരങ്ങളിലൂടെയും സഹായിക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആക്സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.
എസ്എംഇകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനും ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആക്സിസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക് ട്രേഡ് ആന്‍ഡ് സപ്ലൈ ചെയിന്‍ ഫിനാന്‍സ് പ്രോഗ്രാം മേധാവി സ്റ്റീവന്‍ ബെക്ക് പറഞ്ഞു.