കൊച്ചി: ജോലിക്കായി ഓഫീസുകളിലേക്ക് തിരിച്ചെത്തുന്ന ജീവനക്കാരില്‍ 86 ശതമാനവും നിലവിലെ ജീവിതശൈലിയില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുമെന്ന് വിശ്വസിക്കുന്നുവെന്ന് പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡ് ബിസിനസുകാരായ ഗോദ്രെജ് ഇന്റീരിയോ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 'ഹോം, ഓഫീസ് ആന്‍ഡ് ബിയോണ്ട്' എന്ന പഠനത്തില്‍ പകര്‍ച്ചവ്യാധിക്കു ശേഷമുള്ള ജീവനക്കാരുടെ പ്രതീക്ഷകളെക്കുറിച്ചാണ് അന്വേഷിച്ചത്.
രാജ്യമൊട്ടാകെയായി ഓഫീസിലേക്ക് തിരിച്ചെത്തുന്ന ജീവനക്കാരിലാണ് പഠനം നടത്തിയത്. ബഹുരാഷ്ട്ര കമ്പനികളിലും ഇന്ത്യന്‍ കോര്‍പറേറ്റുകളിലുമായി 21നും 56നും ഇടയില്‍ പ്രായമുള്ള ഓഫീസില്‍ പോകുന്ന 350 പേരെയാണ് ഇതിനായി തെരഞ്ഞെടുത്തത്.തൊഴിലാളികളെയും തൊഴില്‍ ദാതാവിനെയും സംബന്ധിച്ചിടത്തോളം സുഖമായിരിക്കുക എന്നതിലായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തെ ശ്രദ്ധ മുഴുവന്‍. ജീവനക്കാരുടെ ക്ഷേമത്തിലായിരിക്കണം തൊഴില്‍ ദാതാവിന്റെ ശ്രദ്ധയെന്ന് 31 ശതമാനം ജീവനക്കാര്‍ പറയുന്നു. അതുപോലെ തന്നെ ജീവനക്കാരും തങ്ങളുടെയും തങ്ങളുടെ ടീമിന്റെയും ക്ഷേമം അന്വേഷിക്കുന്നതില്‍ ഈ കാലയളവില്‍ മാറ്റം വന്നതായി മനസിലാക്കുന്നു. 62 ശതമാനം പേര്‍ വ്യക്തിഗത ക്ഷേമത്തിലും 50 ശതമാനം പേര്‍ അവരുടെ ടീമിന്റെ ക്ഷേമത്തിലും പുരോഗതി നിരീക്ഷിച്ചു.
കമ്പനികള്‍ ജീവനക്കാരെ തിരികെ ഓഫീസുകളിലേക്ക് എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുമ്പോഴും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. ആരോഗ്യവും സുരക്ഷയും തന്നെയാണ് ഇതില്‍ പ്രധാനം. ഓഫീസിലേക്ക് തിരിച്ചെത്തിയാല്‍ കോവിഡ് പകരുമോയെന്നാണ് 90 ശതമാനത്തിന്റെയും ആശങ്ക. 86ശതമാനം പേര്‍ ജീവിതശൈലിയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. മോശമായ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയെ 84 ശതമാനം പേര്‍ ഭയക്കുന്നു. 81 ശതമാനം പേര്‍ യാത്ര ചെയ്യാനുള്ള അസൗകര്യം മുന്നോട്ട് വയ്ക്കുന്നു. മാതാപിതാക്കളെയും കുട്ടികളെയും നോക്കാനുള്ള ബുദ്ധിമുട്ടിനെ കുറിച്ചാണ് 71 ശതമാനം പേരുടെ ആശങ്ക. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും 68 ശതമാനം പേരും ഓഫീസിലേക്ക് തിരിച്ചെത്തണമെന്ന് തന്നെ ആഗ്രഹിക്കുന്നു.ലോക്ക്ഡൗണെല്ലാം ഒഴിഞ്ഞെങ്കിലും 26 ശതമാനം പേര്‍ ഇപ്പോഴും നഗരങ്ങളില്‍ നിന്നും അകന്ന് നാട്ടില്‍ തന്നെ കഴിയുകയാണ്. 18 ശതമാനം തങ്ങളുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നഗരങ്ങളിലേക്ക് തിരിച്ചെത്തി.