കൊച്ചി: മൂന്നു വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച സാമൂഹ്യ ഇ-കോമേഴ്സ് സ്റ്റാര്‍ട്ട്അപ്പായ ഡീല്‍ഷെയര്‍ സീരീസ് ഇ ഫണ്ട് റെയ്സിന്‍റെ ആദ്യ ക്ലോസിങിലൂടെ 165 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. നിലവിലെ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, ആല്‍ഫ വേവ് ഗ്ലോബല്‍ എന്നിവയുമായുള്ള സഹകരണത്തോടൊപ്പം ഡ്രാഗനീര്‍ ഇന്‍വെസ്റ്റ്മെന്‍റ്സ് ഗ്രൂപ്പ്, കോറ ക്യാപിറ്റല്‍, യൂണിലിവര്‍ വെഞ്ചേഴ്സ് എന്നിവയില്‍ നിന്നുള്ള നിക്ഷേപവും കമ്പനി സ്വീകരിച്ചിട്ടുണ്ട്.
ഉപഭോക്തൃ നിരയും വരുമാനവും ശക്തമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കമ്പനി സമീപ ഭാവിയില്‍ തന്നെ ഒരു ബില്യണ്‍ ഡോളര്‍ വരുമാനമെന്ന നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതികവിദ്യ, ഡാറ്റാ സയന്‍സ് എന്നിവയ്ക്കൊപ്പം ലോജിസ്റ്റിക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങള്‍ പത്തു മടങ്ങ് വര്‍ധിപ്പിക്കുന്നതിനും ഇപ്പോഴത്തെ നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്തും. ഫ്രാഞ്ചൈസികളിലൂടെ ശക്തമായ ഓഫ്ലൈന്‍ സ്റ്റോര്‍ ശൃംഖലയും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ഇന്ത്യയിലെ അതിവേഗം വളരുന്ന ഇ-കോമേഴ്സ് കമ്പനികളിലൊന്നാണ് ഡീല്‍ഷെയറെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഡീല്‍ഷെയര്‍ സ്ഥാപകനും സിഇഒയുമായ വിനീത് റാവു പറഞ്ഞു. ലാഭക്ഷമത വര്‍ധിപ്പിച്ചതിനൊപ്പം തങ്ങളുട വരുമാനവും ഉപഭോക്തൃ നിരയും കഴിഞ്ഞ വര്‍ഷം 13 മടങ്ങാണ് വര്‍ധിച്ചത്. പത്തു ദശലക്ഷത്തിലേറെ വരുന്ന ഉപഭോക്തൃ നിരയുമായി പത്തു സംസ്ഥാനങ്ങളിലെ നൂറിലേറെ നഗരങ്ങളില്‍ തങ്ങള്‍ക്കു സാന്നിധ്യമുണ്ട്. അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ തങ്ങള്‍ക്കായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.