കൊച്ചി: കോര്‍പ്പറേറ്റ് ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിന് അനുസൃതമാക്കിയ ആരോഗ്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ ഉപകമ്പനിയായ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് (എംഐബിഎല്‍), ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ആരോഗ്യസംരക്ഷണ കമ്പനിയായ ടാറ്റ 1എംജിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു.
24 മണിക്കൂറും ടെലിഡോക്ടര്‍ സേവനം, കൗണ്‍സിലിങ്, വീടുകളിലെത്തിയുള്ള സാമ്പിള്‍ ശേഖരണം, മരുന്നുകള്‍, ആരോഗ്യ പരിശോധനകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വ്യക്തിഗത പരിചരണം, സപ്ലിമെന്‍റുകള്‍ തുടങ്ങിയവയില്‍ ഇളവുകള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ആനുകൂല്യങ്ങള്‍. ടാറ്റ 1എംജിയുടെ മൊബൈല്‍ ആപ്ലിക്കേഷനിലും ഈ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താനും കഴിയും.
കഴിഞ്ഞ 17 വര്‍ഷമായി ഇന്‍ഷുറന്‍സ് പരിഹാരങ്ങളിലൂടെയും മികച്ച ഉപഭോക്തൃ അനുഭവം സൃഷ്ടിക്കാന്‍ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ആരോഗ്യകരമായ ജീവിതശൈലിയും ലഭ്യമാക്കാന്‍ വെല്‍ത്തിയു എന്ന പേരിലുള്ള സംരംഭവും കമ്പനി ആരംഭിച്ചിരുന്നു. എല്ലാവര്‍ക്കും താങ്ങാനാവുന്നതും എളുപ്പത്തിലുമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ടാറ്റ 1എംജി, ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ രംഗത്തെ മുന്‍ നിരക്കാരാണ്.
നിലവിലെ സാഹചര്യത്തില്‍ കമ്പനികള്‍ ജീവനക്കാരുടെ വ്യക്തിഗത-ആരോഗ്യ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് എംഡിയും പ്രിന്‍സിപ്പല്‍ ഓഫീസറുമായ വേദനാരായണന്‍ ശേഷാദ്രി പറഞ്ഞു. ആരോഗ്യസേവന രംഗത്ത് ദീര്‍ഘദൃഷ്ടിയോടെയുള്ള ഒരു മാറ്റം വരുത്തുന്നതിന് തങ്ങള്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മുന്നേറ്റമാണ് ടാറ്റ 1എംജിയുമായുള്ള പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സംയോജിത പങ്കാളിത്തത്തിലൂടെ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് ലിമിറ്റഡിന്‍റെ കോര്‍പ്പറേറ്റ് ക്ലയന്‍റുകള്‍ക്ക് അവരവരുടെ ജീവനക്കാര്‍ക്കായി ഇന്ത്യയിലെമ്പാടും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് ടാറ്റ 1എംജി സീനിയര്‍ വൈസ് പ്രസിഡന്‍റ് ഡോ. വരുണ്‍ ഗുപ്ത പറഞ്ഞു.