തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ സഫിന്‍ കാനഡ ആസ്ഥാനമായ മുന്‍നിര ഫിന്‍ടെക്ക് കമ്പനി ഫിന്‍കാഡിനെ ഏറ്റെടുത്തു. ബാങ്കുകള്‍ക്ക് ആവശ്യമായ സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്ന സഫിന്‍ ഇതോടെ ആഗോള തലത്തില്‍ ഫിന്‍ടെക്ക് രംഗത്ത് മുന്‍നിര ബിടുബി കമ്പനികളിലൊന്നായി മാറി. ബാങ്കുകള്‍ക്ക് വിവിധ ഫിനാന്‍ഷ്യല്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന കമ്പനിയാണ് ഫിന്‍കാഡ്. ഈ ഏറ്റെടുക്കലോടെ 13 രാജ്യാന്തര ഓഫീസുകളായി സഫിന്റെ ആഗോള സാന്നിധ്യവും ഉപഭോക്തൃ ശ്യംഖലയും വര്‍ധിച്ചു. 450ലേറെ ബാങ്കിങ് സ്ഥാപനങ്ങള്‍ സഫിന്‍ സേവനം ഉപയോഗിച്ചു വരുന്നു. കമ്പനിക്ക് 500ലേറെ ജീവനക്കാരുണ്ട്. ഫിന്‍കാഡിനെ ഏറ്റെടുത്തതോടെ ഫിന്‍ടെക്ക് രംഗത്ത് മുന്‍നിരയിലെത്താനും ബാങ്കിങ് രംഗത്തെ എതാണ്ട് എല്ലാ മേഖലയിലും സാന്നിധ്യമറിയിക്കാനും സഫിന് കഴിഞ്ഞതായി ഗ്രൂപ്പ് സിഇഒ അല്‍ കരിം സോംജി പറഞ്ഞു.
കനേഡിയന്‍ കമ്പനിയായ സഫിന്‍ ഇന്ത്യയില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഈയിടെ ഇന്ത്യയിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ പട്ടികയില്‍ കമ്പനി ഇടം നേടിയിരുന്നു.