ഹൈദരാബാദ്: പതിമ്മൂന്നാമത് ഇന്ത്യ ഗെയിം ഡെവലപ്പേഴ്‌സ് കോൺഫറൻസ് ( ഐ.ജി.ഡി.സി) നവംബർ 16 മുതൽ 18 വരെ ഹൈദരാബാദിൽ നടക്കും. തെലങ്കാന സർക്കാരിന്റെ സഹകരണത്തോടെ വെർച്വൽ പ്ലാറ്റ്‌ഫോമിലാണ് ഇത്തവണ സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ ഗെയിമിംഗ് മേഖലയുടെ വളർച്ച സാധ്യമാക്കുന്നതിൽ നിർണായക പങ്കാണ് ഐ ജി ഡി സി വഹിക്കുന്നത്. ഓരോ വർഷവും ഗെയിം ഡെവലപ്പർമാർ, പ്രസാധകർ, നിക്ഷേപകർ എന്നിവരിൽ നിന്ന് ആവേശകരമായ പങ്കാളിത്തമാണ് സമ്മേളനത്തിന് ലഭിക്കുന്നത്. വ്യവസായ പ്രമുഖരുടെയും നിക്ഷേപകരുടെയും സാന്നിധ്യത്തിൽ വിദഗ്ദ്ധ ചർച്ചകളും നൈപുണ്യ വികസനവും നെറ്റ്‌വർക്കിംഗ് അവസരങ്ങളും ഉപയോഗിച്ച് ഗെയിം ഡെവലപ്പർമാരെ പിന്തുണയ്‌ക്കുകയും ശാക്തീകരിക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ഡിസൈൻ, ആർട്ട്, എഞ്ചിനീയറിംഗ്, പ്രൊഡക്ഷൻ, അപ്പ്ളൈഡ് ഗെയിംസ്, ഇൻഡീ, ഇ സ്‌പോർട്സ് , ഹൈപ്പർ കാഷ്വൽ, കാരീഴ്‌സ്, ബിസിനസ് ആൻഡ് പ്രൊഡക്ട് മാനേജ്‌മെന്റ് എന്നിങ്ങനെ പത്ത് പ്രധാന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. 120 ലേറെ വ്യവസായ വിദഗ്ദ്ധരും നൂറിലേറെ ഇ - സ്റ്റാളുകളും മുപ്പത് പബ്ലിഷർമാർ, മുപ്പത് നിക്ഷേപകർ എന്നിവരടക്കം പതിനായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. അൺറിയൽ എഞ്ചിനാണ് സമ്മേളനത്തിന്റെ പ്രെസെന്റിങ് സ്പോൺസർ. എ ഡബ്ല്യൂ എസ്, എം പി എൽ എന്നിവർ ഗോൾഡ് സ്പോൺസർമാരാകും.
ആനുവൽ ഇന്ത്യ ഗെയിം ഡെവലപ്പർ അവാർഡുകളും ഐ ജി ഡി സി സമ്മേളനത്തിൽ സമ്മാനിക്കും. അവാർഡുകൾക്കായുള്ള നോമിനേഷനുകൾ ഒക്ടോബർ 18 വരെ സ്വീകരിക്കും. അവസാന റൗണ്ടിൽ എത്തിയവരെ നവംബർ പത്തിന് പ്രഖ്യാപിക്കും. ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള ഗെയിം ആയ ബിൽഡ് യുവർ ഓൺ ഗെയിം (ബി വൈ ഒ ജി) ന്റെ തിരിച്ചു വരവിനും ഇത്തവണത്തെ ഐ ജി ഡി സി സമ്മേളനം സാക്ഷ്യം വഹിക്കും. ബി വൈ ഒ ജിയുടെ പതിനാറാമത് എഡിഷൻ ഒക്ടോബർ 22 വൈകിട്ട് ആറ് മണി മുതൽ 24 വൈകിട്ട് ആറ് വരെ itch.io പ്ലാറ്റ്‌ഫോമിൽ നടക്കും. രാജ്യത്തെ ഗെയിം ഡെവലപ്പർമാർ ഒരു നിശ്ചിത സമയത്തിനുള്ളിൽ വ്യത്യസ്ത തീമുകളിൽ ഗെയിം ഡെവലപ്പ് ചെയ്യുന്നതാണ് മത്സരം. ഐ ജി ഡി സി സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിക്കും.