കോഴിക്കോട്: ഹാപ്പീ ക്രിസ്മസ് ആശംസകളുമായി ടെക്കികളെ വരവേല്‍ക്കാന്‍ ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കിലേക്ക് വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ സാന്റാക്ലോസെത്തും. സാങ്കേതികവിദ്യയുടെ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്രിസ്മസ് ആഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കിലെ ടെക്കികള്‍. ക്രിസ്മസും ന്യൂ ഇയറും ആഘോഷമാക്കാന്‍ പുതുമയോടെ എന്ത് ചെയ്യാം എന്ന ചിന്തയില്‍ നിന്നാണ് ടെക്‌നോളജിയുടെ സാധ്യതകളെ കൂട്ടുപടിക്കാമെന്ന തീരുമാനത്തിലേക്ക് ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാര്‍ എത്തിച്ചേരുന്നത്. ജോലിസമയത്തിന് ശേഷം കൂട്ടായ ശ്രമത്തിലൂടെ ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കിലെ സഹ്യ ബില്‍ഡിങ്ങിന് മുന്നില്‍ 3.9 മീറ്റര്‍ ഉയരത്തിലും 4.5 മീറ്റര്‍ വീതിയിലുമായി കൂറ്റന്‍ ഗ്രീറ്റിങ് കാര്‍ഡ് ഒരുക്കി. സാധാരണ ഗ്രീറ്റിങ് കാര്‍ഡില്‍ നിന്ന് വ്യത്യസ്തമായി ഈ ഗ്രീറ്റിങ് കാര്‍ഡിനുള്ളിലേക്ക് പ്രവേശിക്കാനും വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ സാന്റാക്ലോസുമായി സംവദിക്കാനും കൈകൊടുക്കാനും സമ്മാനങ്ങള്‍ വാങ്ങാനും കഴിയും. ഇതിന് പുറമേ ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കിലെ ജീവനക്കാര്‍ക്ക് കത്തുകളും ഗ്രീറ്റിങ് കാര്‍ഡുകളും അയയ്ക്കാന്‍ പോസ്റ്റ്‌ബോക്‌സും ഒരുക്കിയിട്ടുണ്ട്.
സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ആഘോഷങ്ങളിലേക്ക് ഉപയോഗപ്പെടുത്താമെന്ന് തെളിയിക്കുകയാണ് ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കിലെ ജീവനക്കാരെന്ന് ഗവണ്‍മെന്റ് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. ആവേശത്തോടെയാണ് എല്ലാ ആഘോഷങ്ങളെയും സൈബര്‍പാര്‍ക്ക് വരവേല്‍ക്കുന്നത്, ഈ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളും വളരെ സന്തോഷത്തോടും ആവേശത്തോടും ആഘോഷിക്കാന്‍ സൈബര്‍പാര്‍ക്കിന്റെ പിന്തുണ ഉറപ്പുനല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.