കൊച്ചി: ഓണക്കാലത്തിന്റെ വരവറിയിച്ച് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഗംഭീര ഓണാഘോഷം. പുലികളിയും തെയ്യവും ചെണ്ടമേളവുമെല്ലാ ഉള്‍പ്പെടുത്തിയ ഘോഷയാത്രയും കലാപരിപാടികളും ഉള്‍പ്പടെ വന്‍ ആഘോഷ പരിപാടികളാണ് ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ചത്. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇന്‍ഫോപാര്‍ക്കും സംയുക്തമായി സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ ഉദ്ഘാടനം പി.വി ശ്രീനിജന്‍ എം.എല്‍.എ നിര്‍വഹിച്ചു. കേരളാ ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ്, ഇന്‍ഫോപാര്‍ക്ക് മാനേജര്‍ (അഡ്മിനിസ്‌ട്രേഷന്‍) റെജി കെ. തോമസ്, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണന്‍, തൃക്കാക്കര മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ അബ്ദു ഷാന തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണാഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ക്ക് മുന്നോടിയായി കൊച്ചി ഇന്‍ഫോപാര്‍ക്ക് പരിസരത്ത് നടത്തിയ വിളംബര ഘോഷയാത്രയിലും പരിപാടികളിലും ഇന്‍ഫോപാര്‍ക്കിലെയും വിവിധ കമ്പനികളിലെയും ജീവനക്കാരും കേരളാ പോലീസ് എസ്.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തെയ്യം, കാവടി, പുലികളി തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥയ്ക്ക് ശേഷം ഇന്‍ഫോപാര്‍ക്ക് അതുല്യ ഓഡിറ്റോറിയത്തില്‍ നാടന്‍പാട്ട്, തിരുവാതിര, മിമിക്രി, ചാക്യാര്‍കൂത്ത്, ഡി.ജെ തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.
ഇന്‍ഫോപാര്‍ക്ക് കലൂര്‍ ടെക്‌നോളജി ബിസ്‌നസ് സെന്ററില്‍ നടന്ന ഓണാഘോഷപരിപാടിയിലും ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. ഓണപ്പൂക്കളം, സുന്ദരിക്ക് പൊട്ടുതൊടല്‍, കസേരകളി തുടങ്ങിയ മത്സരങ്ങളും നടന്നു.
തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ സ്‌പോര്‍ട്ട്‌സ് ക്ലബ് സംഘടിപ്പിച്ച ഓണപ്പരിപാടി ചാലക്കുടി എം.പി ബെന്നി ബഹന്നാന്‍ ഉദ്ഘാടനം ചെയ്തു. കേരളാ ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ്, കൊരട്ടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ വര്‍ഗീസ് തച്ചുപറമ്പന്‍, ഇന്‍ഫോപാര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ (അഡ്മിനിസ്‌ട്രേഷന്‍) സജിത്ത് എന്‍.ജി, ജൂനിയര്‍ ഓഫീസര്‍ (അഡ്മിനിസ്‌ട്രേഷന്‍) അനില്‍ .എം, ഇവന്റ് കോഓര്‍ഡിനേറ്റര്‍ ജോസ് ആന്റോ പങ്കെടുത്തു. ഇന്‍ഫോപാര്‍ക്കിലെ നാല്‍പ്പത് കമ്പനികളിലെ നൂറിലധികം ജീവനക്കാര്‍ പരിപാടികളില്‍ പങ്കെടുത്തു. ഉറിയടി, വടംവലി, കസേരകളി, കേരള ശ്രീമാന്‍ - മലയാളി മങ്ക മത്സരങ്ങള്‍ തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിച്ചു. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പി.സി കലാപരിപാടികളിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.
ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടികള്‍ ആലപ്പുഴ എം.പി എ.എം ആരിഫ് ഉദ്ഘാടനം ചെയ്തു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സുധീഷ്, വാര്‍ഡ്‌മെമ്പര്‍ ഷിജി, ഇന്‍ഫോപാര്‍ക്ക് ജൂനിയര്‍ ഓഫീസര്‍ (അഡ്മിനിസ്‌ട്രേഷന്‍) അനില്‍ .എം, അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിങ്) പ്രദീപ് കുമാര്‍ വി.പി തുടങ്ങിയവര്‍ പങ്കെടുത്തു. ഓണപ്പാട്ട്, തിരുവാതിര കളി, ലെമണ്‍സ്പൂണ്‍ റൈസ്, ഉറിയടി, സ്ലോ ബൈക്ക് റൈസ്, കസേരകളി തുടങ്ങിയ കലാപരിപാടികളില്‍ ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാര്‍ പങ്കെടുത്തു.