തിരുവനന്തപുരം: ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കാവശ്യമായ സോഫ്റ്റുവെയര്‍ സേവനങ്ങളുമായി ടെക്‌നോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ച് സെക്വാറ്റോ. ടെലികോം, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് കെയര്‍, എഡ്യുക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉദ്ഘാടനം ടെക്‌നോപാര്‍ക്ക് നിള ബില്‍ഡിങ്ങില്‍ ജിടെക് സെക്രട്ടറിയും ടാറ്റ എലക്‌സി സെന്റര്‍ ഹെഡ്ഡുമായ ശ്രീകുമാര്‍ വി നിര്‍വഹിച്ചു. കേരള സ്റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ്, ഇന്‍ആപ്പ് സി.ഇ.ഒയും നാസ്‌കോം എസ്.എം.ഇ കൗണ്‍സില്‍ മെമ്പറുമായി വിജയകുമാര്‍, സെക്വാറ്റോ ഡയറക്ടമാരായ റോബിന്‍ പണിക്കര്‍, മാത്യു ചെറിയാന്‍, ജി ടെക് ഭാരവാഹികള്‍, റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍, ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍, ടെക്‌നോപാര്‍ക്കിലെ മറ്റ് കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യു.എസ്.എ, യൂറോപ്പ്, ഏഷ്യപസഫിക്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ മേഖലകളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. നാലായിരം സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കമ്പനി 8000 സ്‌ക്വയര്‍ഫീറ്റായാണ് വിപുലീകരിച്ചിരിക്കുന്നത്. കൂടാതെ ഒന്നര വര്‍ഷത്തിനുള്ളില്‍ 100 ജീവനക്കാരെ കൂടി നിയമിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 2023ഓടെ ഇന്ത്യയൊട്ടാകെ സേവനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വൈകാതെ കൊച്ചിയിലും ബാംഗ്ലൂരിലും കമ്പനിയുടെ ഡെവലപ്പ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി സാമൂഹിക പ്രതിപദ്ധതാ പരിപാടിയിലുള്‍പ്പെടുത്തി ഒരു നിര്‍ധന യുവതിക്ക് വിവാഹ ധനസഹായവും കമ്പനി നല്‍കി.