വാഷിങ്ടൺ: ഇതുവരെ കണ്ടിട്ടില്ലാത്ത വിദൂര പ്രപഞ്ചത്തിന്റെ ഏറ്റവും ആഴമേറിയതും തീവ്രവുമായ ഇൻഫ്രാറെഡ് ചിത്ര പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് നിർമിച്ച ഈ ചിത്രം ജ്യോതിശാസ്ത്രത്തിലെ സുപ്രധാന സംഭവമാണ്. ഇതുവരെ നിര്മിച്ചതിൽ വെച്ച് ഏറ്റവും വലുതുച്യം ശക്തവുമായ ദൂരദർശിനിയായാണ് ജെയിംസ് വെബ്.
SMACS0723 എന്ന ഗാലക്‌സികളുടെ (galaxy) ഒരു വലിയ കൂട്ടമാണ് ചിത്രത്തില്‍ കാണുന്നത്. ഗ്രാവിറ്റേഷന്‍ ലെന്‍സിംങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വെബ് ടെലസ്‌ക്കോപ്പ് ദൂരെയുള്ളതും മങ്ങിയതുമായ എല്ലാ ഗാലക്‌സികളുടെയും പരമാവധി വ്യക്തമായ ചിത്രങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. ഈ വിദൂര ഗാലക്സിയുടെയും നക്ഷത്രക്കൂട്ടങ്ങളുടെയും ചിത്രങ്ങള്‍ ആദ്യമായിട്ടാണ് ലഭിക്കുന്നത്. 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് SMACS 0723 ഗാലക്‌സി രൂപം കൊണ്ടത് എന്നാണ് അനുമാനം.
‘ഇതു ചരിത്ര ദിവസമാണ്. അമേരിക്കയ്ക്കും മനുഷ്യരാശിക്ക് ആകെയും ചരിത്ര നിമിഷമാണിത്’– ചിത്രം പുറത്തുവിട്ടു കൊണ്ടു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.‘നമുക്കെല്ലാവർക്കും ആശ്ചര്യകരമായ നിമിഷമാണിത്. പ്രപഞ്ചത്തെ സംബന്ധിച്ചു പുതിയ അധ്യായം ഇന്നുതുറക്കുകയാണ്’– വൈസ് പ്രസിഡന്റ് കമല ഹാരിസ് അഭിപ്രായപ്പെട്ടു.‘ആദ്യഘട്ട ചിത്രങ്ങളിലൂടെ വെബിന്റെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കമാണ്’.എന്നായിരുന്നു നാസയുടെ പ്രഖ്യാപനം.
കഴിഞ്ഞ ഡിസംബറിലാണ് വെബ്ബ് സ്‌പേസ് ഒബ്‌സര്‍വേറ്ററി നാസ ലോഞ്ച് ചെയ്തത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, കനേഡിയന്‍ ബഹിരാകാശ ഏജന്‍സി എന്നുവരുമായി ചേര്‍ന്നാണ് നാസ ഈ ടെലസ്‌ക്കോപ്പ് വികസിപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ച പഠനമാണ് പ്രധാന ലക്ഷ്യം. ലോകത്ത് ഇന്നുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിപ്പമേറിയ ജയിംസ് വെബ് ടെലസ്‌കോപ്പിന്റെ കാലാവധി പത്ത് വര്‍ഷമാണ്.
പത്ത് ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഈ ടെലസ്കോപ്പ് നിർമ്മാണത്തിന്റെ ആകെ ചെലവ്. ഹബിളിനെക്കാള്‍ നൂറിരട്ടി നിരീക്ഷണ ശേഷിയുണ്ട് ഇതിന്. മൂന്ന് തവണ സഞ്ചാരപാത മാറ്റിയ ശേഷമാണ് ടെലിസ്‌കോപ് ലക്ഷ്യസ്ഥാനത്തെത്തിയത്. ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ നാലിരട്ടി അഥവാ 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍-രണ്ട് ഭ്രമണപഥത്തിലാണ് ടെലിസ്‌കോപ്പ് സ്ഥിതി ചെയ്യുന്നത്.