തിരുവനന്തപുരം: ഇപിസി പ്രൊജക്റ്റ്, ഹൈടെക് ഉത്പാദന, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനിയായ ലാർസൻ ആന്‍ഡ് ടൂബ്രോ, ബി2ബി വ്യവസായ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി എല്‍ആന്‍ഡ്ടി സുഫിന്‍ എന്ന പേരില്‍ സംയോജിത ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ആരംഭിച്ചു.
80 വര്‍ഷത്തിലേറെയുള്ള പ്രവര്‍ത്തനാനുഭവത്തിന്‍റെ പിന്‍ബലത്തില്‍ ഇന്ത്യയിലെമ്പാടുമുള്ള, പ്രത്യേകിച്ച് എംഎസ്എംഇകളുടെ, ബിസിനസ് ഡിജിറ്റലായും കുറഞ്ഞ ചെലവിലും ശക്തിപ്പെടുത്തുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഉത്പാദന മേഖല, വ്യാവസായിക വിതരണ ശൃംഖലകളുടെ കാര്യക്ഷമതയില്ലായ്മ എന്ന വെല്ലുവിളി നേരിടുന്നുണ്ട്. ഈ പരമ്പരാഗത വിതരണ ശൃംഖലാ പ്രശ്നങ്ങള്‍ ബിസിനസ് തുടര്‍ച്ച, വരുമാനം, മികച്ച ചരക്ക് വിതരണ സംവിധാനം സൃഷ്ടിക്കല്‍, മനുഷ്യ വിഭവ ശേഷിയുടെ വിന്യാസം തുടങ്ങിയ കാര്യങ്ങളില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിന് പരിഹാരമായി, എല്‍ആന്‍ഡ്ടി സുഫിന്‍ പ്ലാറ്റ്ഫോമിലൂടെ ഡിജിറ്റലായി ഈ പരമ്പരാഗത വിതരണ ശൃംഖലയെ ചിട്ടപ്പെടുത്തി, ഉല്‍പന്ന വിതരണക്കാര്‍ക്കും വാങ്ങുന്നവര്ക്കുംഗുണകരമായ സംവിധാനം സൃഷ്ടിച്ച് ഇന്ത്യന്‍ ബിസിനസ് ലോകത്ത് വലിയ മാറ്റം കൊണ്ടുവരാനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം എഞ്ചിനീയറിംഗ്, ടെക്നോളജി പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി എൽ ആൻഡ് ടി എഡ്യൂടെക് എന്ന എഡ്-ടെക് പ്ലാറ്റ്‌ഫോം ആരംഭിച്ചതിന് ശേഷം, ബിസിനസില്‍ കൂടുതല്‍ സുതാര്യതയും കൂടുതല്‍ വിശാലമായ വിപണി സാധ്യതകളും കൊണ്ടുവരുന്നതിന് എല്‍ആന്‍ഡ്ടി സുഫിനിലൂടെ ഒരു ഡിജിറ്റല്‍ പവര്‍ഹൗസ് എന്നതിലേക്കുള്ള വളര്‍ച്ചയില്‍ കമ്പനി പുതിയൊരു അധ്യായം കുറിയ്ക്കുകയാണ്.
എൽ ആൻഡ് ടി സുഫിൻ അവതരിപ്പിച്ചതിലൂടെ ഡിജിറ്റല്‍ പരിവര്‍ത്തന യാത്രയില്‍ കമ്പനി പുതിയൊരു കുതിച്ചു ചാട്ടം നടത്തുകയാണെന്നും വ്യവസായ ഉല്‍പന്നങ്ങള്‍ക്കുള്ള ബി2ബി വിപണിയില്‍ വലിയ പരിവര്‍ത്തനം കൊണ്ടുവരുമെന്ന് ഉറപ്പുണ്ടെന്നും എൽ ആൻഡ് ടി സിഇഒയും എംഡിയുമായി എസ് എന്‍ സുബ്രഹ്മണ്യന്‍ (എസ്എന്‍എസ്) പറഞ്ഞു.