മാട്ടുപ്പെട്ടി ഡാമിലെ പെട്രോൾ കാറ്റമരൻ ബോട്ടുകളാണ് ഇലക്ട്രിക് പ്രൊപ്പൽഷൻ ബോട്ടുകളാക്കി മാറ്റി. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം മേഖല കൂടുതൽ പ്രകൃതി സൗഹാർദ്ദമാക്കുന്നതിനുമായി കേരള ഹൈഡൽ ടൂറിസം സെന്റർറാണ് (കെഎച്ച്ടിസി) പദ്ധതി നടപ്പിലാക്കിയത്. 11 കിലോവാട്ട് (kW) ശേഷിയുള്ള അക്വമോട്ട് ഇലക്ട്രിക് ഔട്ട്‌ബോർഡും 28hp ശേഷിയുമുള്ള മോട്ടോറാണ് ബോട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. പ്രതിദിനം 6500 ലിറ്റർ പെട്രോളും പ്രതിവർഷം 700,000 രൂപയും ഇതിലൂടെ ലാഭിക്കാനാകും. കൂടാതെ പ്രതിവർഷം 15 ടൺ കാർബൺ ഡായ് ഓക്‌സൈഡ് പുറന്തള്ളുന്നതും തടയുന്നു.
സഞ്ചാരികൾക്ക് പ്രകൃതി ഭംഗി ആസ്വദിച്ച് പ്രകൃതി സൗഹാർദ്ദ ബോട്ടിൽ യാത്ര ചെയ്യാം എന്നതാണ് പദ്ധതിയുടെ പ്രത്യേകത. കേരളത്തിലെ വിനോദ സഞ്ചാര മേഖല കൂടുതൽ പ്രകൃതി സൗഹൃദമാകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് കെഎച്ച്ടിസി നടത്തുന്ന ഇത്തരം പ്രവത്തനങ്ങൾ. ഒരേ സമയം 20 വിനോദ സഞ്ചാരികൾക്ക് 30 മിനിറ്റ് വരെ ബോട്ടിൽ സഞ്ചരിക്കാനാകും. കാർബൺ രഹിത വിനോദ സഞ്ചാര മേഖല എന്ന ലക്ഷ്യമാണ് ഇത്തരം മാതൃകകൾ വിഭാവനം ചെയ്യുന്നതിലൂടെ കെഎച്ച്ടിസി ലക്ഷ്യമിടുന്നത്. ബാറ്ററികൾ സൗരോർജ്ജം ഉപയോഗിച്ച് ചാർജ് ചെയുക വഴി ബോട്ടുകൾ സമ്പൂർണ്ണ പ്രകൃതി സൗഹൃദമാകും. പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിജയത്തോടെ കൂടുതൽ ബോട്ടുകളുടെ എൻജിനുകൾ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റും. വെറും 8 വർഷം കൊണ്ട് പദ്ധതിക്കായി ചിലവായ തുക തിരിച്ചെടുക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇലക്ട്രിക് ബോട്ടുകൾ ഉപയോഗിക്കുന്നതിലൂടെ ജല മലിനീകരണം, വായു മലിനീകരണം, ശബ്ദ മലിനീകരണം എന്നിവ പൂർണ്ണമായും ഒഴിക്കാനാകും. വിനോദസഞ്ചാരികൾക്ക് www.keralahydeltourism.com എന്ന വെബ്‌സൈറ്റ് വഴി സന്ദർശന ടിക്കറ്റുകൾ ബുക്ക് ചെയ്യാം.