സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനും സ്‌കിൽ സെക്രട്ടറിയേറ്റുമായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെയും (KASE), വ്യവസായ പരിശീലന വകുപ്പിന്റെയും നേതൃത്വത്തിൽ രണ്ടു വർഷം കൂടുമ്പോൾ സംഘടിപ്പിക്കുന്ന ഇന്ത്യ സ്‌കിൽസ് കേരളയുടെ സംസ്ഥാനതല മത്സരങ്ങളുടെ തിയതി പ്രഖാപിച്ചു. വിവിധ മേഖലകളിൽ നൈപുണ്യ ശേഷിയുള്ള 22 വയസിന് താഴെ പ്രായമുള്ള യുവാക്കൾക്ക് തങ്ങളുടെ കഴിവുകൾ ദേശിയ തലത്തിലും അന്താരാഷ്ട്ര തലത്തിലും പ്രദർശിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കും. NSDC- യുടെ വെബ് പോർട്ടലായ 'സ്‌കിൽ ഇന്ത്യ ഡിജിറ്റൽ' എന്ന സൈറ്റിൽ പ്രാഥമിക രജിസ്ട്രേഷൻ പൂർത്തിയാക്കിയവരിൽ നിന്നും NSDC തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്ള യുവതി യുവകൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. മൂന്ന് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മെയ് നാലിന് നടക്കുന്ന സ്‌ക്രീനിംഗ് ടെസ്റ്റാണ് പ്രാരംഭ ഘട്ടം. രണ്ടാം ഘട്ടമായ സോണൽ തല മത്സരങ്ങൾ മെയ് 7 ന് സംസ്ഥാനത്തുടനീളം വിവിധ സ്ഥലങ്ങളിൽ വച്ച് സംഘടിപ്പിക്കും. തുടർന്ന് സംസ്ഥാനതല മത്സരങ്ങൾ 2024 മെയ് 9, 10 തിയ്യതികളിലായി സംഘടിപ്പിക്കും. സംസ്ഥാനതല മത്സരങ്ങളിലെ വിജയികൾക്ക് ദേശീയതലത്തിൽ മത്സരിക്കാൻ അവസരം ലഭിക്കും. ദേശീയ തലത്തിലെ വിജയികൾക്ക് 2024 സെപ്റ്റംബറിൽ ഫ്രാൻസിലെ ലിയോണിൽ വച്ച് നടക്കുന്ന വേൾഡ് സ്‌കിൽസ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kase.in