അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്ന പുരസ്‌കാര വിതരണവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സ്ത്രീ ധനം കൊടുക്കുന്നവരേയും വാങ്ങുന്നവരേയും ഒറ്റപ്പെടുത്തണമെന്നും സ്ത്രീ ധനത്തിനെതിരെ സ്ത്രീ സമൂഹം ഒന്നിച്ച് നില കൊള്ളണമെന്നും എല്ലാവരും വിചാരിച്ചാൽ നമുക്കത് സാധ്യമാക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, വിജി പെൺകൂട്ട്, അന്നപൂർണി സുബ്രഹ്‌മണ്യം എന്നിവർക്ക് വനിതാ രത്ന പുരസ്‌കാരം സമ്മാനിച്ചു. കുടുംബശ്രീയ്ക്കുള്ള പ്രത്യേക പുരസ്‌കാരം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഏറ്റുവാങ്ങി. മികച്ച കളക്ടർമാർക്കുള്ള പ്രത്യേക പുരസ്‌കാരം തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്, തൃശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ എന്നിവർ ഏറ്റുവാങ്ങി. ഇതോടൊപ്പം ഐസിഡിഎസ് പുരസ്‌കാരവും വിതരണം ചെയ്തു.
'സ്ത്രീകളിൽ നിക്ഷേപിക്കുക മുന്നേറ്റത്തെ ത്വരിതപ്പെടുത്തുക' എന്നതാണ് ഈ വർഷത്തെ വനിതാ ദിനാചരണ സന്ദേശം. പതിറ്റാണ്ടുകൾക്ക് മുമ്പേ കേരളം ഇത് കൈവരിച്ചു. നവോത്ഥാന കാലഘട്ടത്തിലൂടെയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെയുമാണ് ഇത് സാധ്യമായത്. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളാണ് മുമ്പിൽ. സർക്കാർ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം കൂടുതലാണെങ്കിലും പൊതുവായ തൊഴിൽ രംഗം പരിശോധിക്കുമ്പോൾ സ്ത്രീ പങ്കാളിത്തം കുറവാണ്.
തൊഴിൽ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും കൂടുതൽ മെച്ചപ്പെടുത്തണം. സ്ത്രീകളുടെ മുന്നേറ്റത്തിന് തടസമാകുന്ന വെല്ലുവിളികളെക്കൂടി കണ്ടെത്തണം. 90 ശതമാനം സ്ത്രീകൾക്കും കരിയർ ബ്രേക്ക് ഉണ്ടാകുന്നുണ്ടെന്നാണ് നോളജ് ഇക്കോണമി മിഷൻ കണ്ടെത്തിയിട്ടുള്ളത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ വകുപ്പ് നടത്തി വരുന്നു.