ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് തയ്യാറാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ രണ്ടാംഘട്ടമായി ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതു സംബന്ധിച്ച് ഇന്ന് (13-02-2024) തിരുവനന്തപുരത്ത് നടന്ന 'ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക്' ശിൽപശാലയിൽ പ്രായോഗിക തലത്തിൽ നടപ്പാക്കേണ്ട തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഓരോ സ്ഥലത്തേയും ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രദേശവാസികളുടെ അഭിപ്രായം നിർണായകമാണെന്നും അതിനാൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കി ജലസുരക്ഷാ പ്രവർത്തനങ്ങൾ നിർവഹിക്കുമെന്നും ശിൽപശാലയ്ക്ക് നേതൃത്വം നൽകി സംസാരിച്ച നവകേരളം കർമപദ്ധതി കോർഡിനേറ്ററും ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ പറഞ്ഞു. ശാസ്ത്രീയ ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ട സാങ്കേതിക സഹായവും വിദഗ്ധ നിർദ്ദേശങ്ങളും ഹരിതകേരളം മിഷന്റെ ഏകോപനത്തിലൂടെ ജല അതോറിറ്റി, ജലവിഭവ വകുപ്പ്, മറ്റു മിഷനുകൾ, ഏജൻസികൾ എന്നിവിടങ്ങളിൽ നിന്നും ലഭ്യമാക്കും. മുൻഗണന നിശ്ചയിച്ചും സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങളെ സാങ്കേതികമായി അപഗ്രഥിച്ചുമായിരിക്കണം ഓരോ പ്രദേശത്തും ജല സംരക്ഷണത്തിനും ജലസുരക്ഷയ്ക്കുമായ പദ്ധതി പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് ശിൽപശാലയിൽ പങ്കെടുത്തു സംസാരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഡയറക്ടർ എ. നിസാമുദ്ദീൻ അഭിപ്രായപ്പെട്ടു. സി.ഡബ്‌ള്യു.ആർ.ഡി.എമ്മിൽ നിന്നും ശാസ്ത്രജ്ഞരായ സി.എം. സുശാന്ത് (റിട്ട.), ഡോ. ബി. വിവേക്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രോഗ്രാം ഓഫീസർ പി. ബാലചന്ദ്രൻ, ഹരിതകേരളം മിഷൻ അസി. കോർഡിനേറ്റർമാരായ എബ്രഹാം കോശി, ടി. പി. സുധാകരൻ, ഇറിഗേഷൻ പ്ലാനിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുശീല ആർ. എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ശിൽപശാലയിൽ സംസാരിച്ചു. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആഡിറ്റോറിയത്തിൽ നടന്ന ശിൽപശാലയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ജലബജറ്റ് തയ്യാറാക്കിയ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ഹരിതകേരളം മിഷൻ, ജലസേചന വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്നിവയിലെ സംസ്ഥാന - ജില്ലാ ചുമതലക്കാർ തുടങ്ങിയവർ പങ്കെടുത്തു. നീരുറവ് നീർത്തട വികസന പദ്ധതി പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ജലബജറ്റിൽ നിന്നും ജല സുരക്ഷയിലേക്ക് കാമ്പയിൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര നീർത്തട വികസന പദ്ധതിയാണ് നീരുറവ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് നീരുറവ് പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യാപിപ്പിക്കുന്നത്. ഫെബ്രുവരി 16 ന് കോഴിക്കോട് ഡി.പി.സി. ഹാളിൽ സംഘടിപ്പിക്കുന്ന രണ്ടാം മേഖലാ ശില്പശാലയിൽ തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവർ പങ്കെടുക്കും.