കൗമാരത്തിന്റെ ഊർജ്ജസ്വലത നിറഞ്ഞ മുഖങ്ങൾ. മുനയുള്ള ചോദ്യങ്ങളും കാച്ചിക്കുറുക്കിയ മറുപടികളും അടിയന്തിര പ്രമേയവും പ്രതിപക്ഷ വാക്കൗട്ടും എല്ലാം ചേർന്ന് പാർലമെൻറിനെ അനുസ്മരിപ്പിക്കുന്ന പ്രകടനം. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുടെ കരുത്തും ഉയർത്തി കുടുംബശ്രീ ബാലസഭാംഗങ്ങളുടെ നേതൃത്വത്തിൽ പഴയ നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ബാലപാർലമെന്റ് വേറിട്ട അനുഭവമായി. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ശുചിത്വം, ലിംഗനീതി തുടങ്ങി വിവിധ വിഷയങ്ങളാണ് കുട്ടികൾ പാർലമെൻറിൽ ഉയർത്തിയത്. സംസ്ഥാനത്ത് 31612 ബാലസഭകളിൽ അംഗങ്ങളായ 4.59 ലക്ഷം അംഗങ്ങളുടെ പ്രതിനിധികളായി എത്തിയവർ നാളെയുടെ വാഗ്ദാനങ്ങളാണ് തങ്ങളെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബാലപാർലമെൻറിൽ കാഴ്ച വച്ചത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അഡ്വ.ആൻറണി രാജു എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറ്ടർ ജാഫർ മാലിക് അധ്യക്ഷത വഹിച്ചു.
ശാസ്ത്രസാങ്കേതിക മേഖലകളിലെ അറിവു നേടുന്നതിനൊപ്പം നിയമസഭ, പാർലമെന്റ്, ജനാധിപത്യം എന്നിവ സംബന്ധിച്ച് കുട്ടികൾക്ക് വ്യക്തമായ അവബോധം നൽകാൻ ബാലപാർലമെന്റ് പോലെയുള്ള പരിപാടികൾ സഹായകമാകുമെന്ന് അഡ്വ.ആൻറണി രാജു പറഞ്ഞു. ക്ലാസ് മുറികളിൽ നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ രൂപപ്പെടുത്താൻ ഇത് സഹായിക്കും. ഇത്തരം അമൂല്യമായ അറിവുകൾ ഭാവിയിൽ മുന്നേറാനുളള കരുത്താക്കി മാറ്റാൻ കുട്ടികൾക്ക് കഴിയണം. കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ 'അറിവൂഞ്ഞാൽ' മാസിക കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്കിന് നൽകി എം.എൽ.എ പ്രകാശനം ചെയ്തു.
സംസ്ഥാനതല ബാലപാർലമെന്റിനു മുന്നോടിയായി ജില്ലാതല ബാലപാർലമെൻറുകളും സംഘടിപ്പിച്ചിരുന്നു. ഓരോ ജില്ലയിൽ നിന്നും മികച്ച പ്രകടനം കാഴ്ച വച്ച 11 പേർ വീതം 154 കുട്ടികളും അട്ടപ്പാടിയിൽ നിന്നുള്ള 11 കുട്ടികളും ഉൾപ്പെടെ ആകെ 165 പേരാണ് സംസ്ഥാനതല ബാലപാർലമെന്റിൽ പങ്കെടുത്തത്. കാസർകോട് ജില്ലയിൽ നിന്നുളള സൂരജ കെ.എസ്, കൊല്ലം ജില്ലയിലെ നയന എന്നിവർ യഥാക്രമം രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായി. ആലപ്പുഴ ജില്ലയിലെ അസ്മിൻ എസ് സ്പീക്കറും കൊല്ലം ജില്ലയിൽ നിന്നുളള ശിവാനന്ദൻ സി.എ പ്രതിപക്ഷ നേതാവുമായി. കോഴിക്കോട് ജില്ലയിലെ ദൃശ്യ ജെ ഡെപ്യൂട്ടി സ്പീക്കറായി എത്തി. അനയ സി(കോഴിക്കോട്), രസിക രമേഷ്(കണ്ണൂർ), അഥീന രതീഷ്(ആലപ്പുഴ), ആര്യാനന്ദ അനീഷ്(കണ്ണൂർ), സന്ദീപ് എസ്.നായർ(മലപ്പുറം), നിവേദ്യ കെ(കോഴിക്കാട്) എന്നിവർ മന്ത്രിമാരും അട്ടപ്പാടിയിൽ നിന്നുളള അഭിനവ് ചീഫ് മാർഷലും തൃശൂർ ജില്ലയിലെ ശ്രീനന്ദ എ.ഡി.സിയുമായി. പത്തനംതിട്ട ജില്ലയിലെ അർച്ചന വി.നായർ സെക്രട്ടറി ജനറലായി. അട്ടപ്പാടിയിൽ നിന്നുള്ള അനുമിത്ര, കാസർകോട് ജില്ലയിലെ തനിഷ ജെ എന്നിവർ സെക്രട്ടറിമാരായും എത്തി. ബാലപാർലമെന്റിനു ശേഷം കുട്ടികൾ പുതിയ നിയമസഭാ മന്ദിരവും സന്ദർശിച്ചു.
കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ.ബി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. എറണാകുളം ജില്ലയിൽ നിന്നുള്ള ബാലസഭാംഗം രാഹുൽ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുടുംബശ്രീ പി.ആർ.ഓ നാഫി മുഹമ്മദ് ആശംസ അർപ്പിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി.രാജൻ നന്ദി പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിനായി കുടുംബശ്രീ രൂപീകരിച്ചിട്ടുള്ള കുട്ടികളുടെ അയൽക്കൂട്ടങ്ങളാണ് ബാലസഭകൾ. ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും കുട്ടികൾക്ക് മാനസിലാക്കുന്നതിന് അവസരമൊരുക്കാനാണ് എല്ലാ വർഷവും സംസ്ഥാനതല ബാലപാർലമെന്റ് സംഘടിപ്പിക്കുന്നത്.