December 06, 2024

Login to your account

Username *
Password *
Remember Me

നവകേരള സദസ്സിന് തിരുവനന്തപുരം ജില്ല സജ്ജം ഡിസംബർ 20 ന് തുടങ്ങി 23ന് സമാപിക്കും

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലതല സന്ദർശനത്തിന് തിരുവനന്തപുരം ജില്ല പൂർണ സജ്ജം. ഡിസംബർ 20ന് വർക്കല മണ്ഡലത്തിൽ നിന്നാരംഭിക്കുന്ന നവകേരള സദസ്സിന് ഡിസംബർ 23ന് തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ സംയുക്ത സദസ്സോടെ സമാപനമാകും. ജില്ലയിലെ 14 മണ്ഡലങ്ങളും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പ്രഭാതയോഗങ്ങൾക്കും നവകേരള സദസ്സിനുമുള്ള വേദികളുടെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. പൊതുജനങ്ങൾക്ക് നിവേദനം നൽകുന്നതിനായി കൗണ്ടറുകളുണ്ടാകും. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളും വേദിക്കരികിലായി തന്നെ ഉണ്ടാകും.


ഡിസംബർ 20 വൈകിട്ട് ആറിന് വർക്കല മണ്ഡലത്തിൽ ആദ്യ നവകേരളസദസ്സ് നടക്കും. വർക്കല ശിവഗിരി മഠം ഓഡിറ്റോറിയമാണ് വേദിയാകുന്നത്. ഡിസംബർ 21 രാവിലെ ഒൻപതിന് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിലാണ് ജില്ലയിലെ ആദ്യ പ്രഭാതയോഗം. വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വികസന ആശയങ്ങൾ സംവദിക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നടക്കും. രാവിലെ 11ന് തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ നവകേരള സദസ്സ് മാമം ഗ്രൗണ്ടിലും വൈകിട്ട് 4.30ന് വാമനപുരം മണ്ഡലത്തിലെ നവകേരള സദസ്സ് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിലും നടക്കും. വൈകിട്ട് ആറിന് നെടുമങ്ങാട് നഗരസഭാ പാർക്കിങ് ഗ്രൗണ്ടിൽ നെടുമങ്ങാട് മണ്ഡലത്തിലെ ജനങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും.


ഡിസംബർ 22ന് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് അന്നത്തെ പ്രഭാതയോഗം. അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനമാണ്. രാവിലെ 11ന് അരുവിക്കര മണ്ഡലത്തിൽ നിന്ന് നവകേരള സദസ്സ് ആരംഭിക്കും. ആര്യനാട് പാലേക്കോണം വില്ലാ നസ്രേത്ത് സ്‌കൂൾ ഗ്രൗണ്ടാണ് വേദി. ഉച്ചതിരിഞ്ഞ് മൂന്നിന് കാട്ടാക്കട മണ്ഡലത്തിലെ നവകേരള സദസ്സ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടക്കും. വൈകിട്ട് 4.30ന് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് നെയ്യാറ്റിൻകര മണ്ഡലത്തിലെ നവകേരള സദസ്സ്. വൈകിട്ട് ആറിന് പാറശാല മണ്ഡലത്തിലെ നവകേരള സദസ്സ് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിലും നടക്കും.


ഡിസംബർ 23ന് കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുന്നത്. രാവിലെ ഒൻപതിന് ഈ മണ്ഡലങ്ങളുടെ പ്രഭാതയോഗം ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിൽ നടക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. രാവിലെ 11ന് കോവളം മണ്ഡലത്തിലാണ് അന്നത്തെ നവകേരള സദസ്സ് ആരംഭിക്കുന്നത്. വിഴിഞ്ഞം ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമുള്ള ഗ്രൗണ്ടാണ് വേദി. തുടർന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് നേമം മണ്ഡലത്തിലെ നവകേരള സദസ്സ് പൂജപ്പുര ഗ്രൗണ്ടിലും വൈകിട്ട് 4.30ന് കഴക്കൂട്ടം മണ്ഡലത്തിലെ നവകേരള സദസ്സ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും നടക്കും. തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ സംയുക്തസദസ്സോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല സന്ദർശനത്തിന് പരിസമാപ്തിയാകും. വൈകിട്ട് ആറിന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലാണ് നവകേരള സദസ്സ് അവസാനിക്കുന്നത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.