November 23, 2024

Login to your account

Username *
Password *
Remember Me

കാർഷിക മേഖലയിൽ സർക്കാർ നടത്തിയത് കാര്യക്ഷമമായ ഇടപെടലുകൾ: മുഖ്യമന്ത്രി

കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുൻനിർത്തി നിരവധി ഇടപെടലുകളാണ് സർക്കാർ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി 16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ചു. നെല്ലിന് ഉയർന്ന സംഭരണ വില നൽകി. കേരഗ്രാമം, സുഭിക്ഷ കേരളം, വിള ഇൻഷുറൻസ് പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കി. കാർഷിക വിളകളുടെ ഉത്പാദനം, വിപണനം, കർഷകരുടെ ക്ഷേമം തുടങ്ങി വിവിധ മേഖലകളിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പരിമിതികളെ അതിജീവിച്ച് കർഷകർക്ക് അനുകൂലമായ നിരവധി നയങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ ഏഴു വർഷമായി സർക്കാർ നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു അതിന്റെ ഫലമായി രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിധം കർഷകക്ഷേമം ഉറപ്പു വരുത്താൻ കേരളത്തിന് സാധിക്കുന്നുണ്ട്. ഉല്പാദനം, വിപണനം, സംസ്‌കരണം, വായ്പാ പിന്തുണ, ഇൻഷുറൻസ് തുടങ്ങി കൃഷിയുടെ എല്ലാ മേഖലകളിലും കർഷകർക്ക് സഹായം വേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി സേവനം ഏറ്റവും വേഗത്തിൽ ലഭ്യമാക്കുന്നതിനായി കൃഷി ഭവനുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തും. അതിനായി അടിസ്ഥാന സൗകര്യങ്ങളടക്കം വിപുലീകരിച്ച് കൃഷിഭവനുകളെ ‘സ്മാർട്ട് കൃഷി ഭവനുകളായി’' പരിഷ്‌കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


നെൽകൃഷിയുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2021 - 22 സാമ്പത്തിക വർഷത്തിൽ 83,333.33 ഹെക്ടർ പാടശേഖരങ്ങൾക്ക് നെൽവിത്ത്, വളം, ജൈവ കീടരോഗ നിയന്ത്രണം എന്നിവയ്ക്ക് ധനസഹായം നല്കി. 107.10 കോടി രൂപ നെൽകൃഷി വികസന പദ്ധതികൾക്കായി ചെലവഴിച്ചു. 2022 - 23 വർഷത്തിൽ 93509.94 ഹെക്ടർ പാടശേഖരങ്ങൾക്ക് ഇതേ ധനസഹായം നല്കി. 49കോടിയോളം രൂപ നെൽകൃഷി വികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്. നെൽവയലുകൾ തരം മാറ്റുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി ഹെക്ടറിന് 2000 രൂപ എന്നത് 3000 ആയി റോയൽറ്റി വർധിപ്പിച്ചു. തരിശു നിലങ്ങളെ കൃഷി യോഗ്യമാക്കുന്നതിന് ഹെക്ടർ ഒന്നിന് 40,000 രൂപ നിരക്കിൽ 31 കോടി രൂപ ചെലവഴിച്ചു. മണ്ണിനെയും പരിസ്ഥിതിയേയും സംരക്ഷിച്ചുകൊണ്ട് സുരക്ഷിത ഭക്ഷ്യോത്പാദനത്തിനായി ശാസ്ത്രീയ ജൈവ കൃഷിയും ജൈവ ഉല്പാദനോപാധികളുടെ ലഭ്യത വർധിപ്പിക്കലും ഉദ്ദേശിച്ച് ആസൂത്രണം ചെയ്ത മിഷൻ മോഡിലുളള പദ്ധതിയാണ് ജൈവ കാർഷിക മിഷൻ. ഈ പദ്ധതി ഈ സാമ്പത്തിക വർഷത്തിൽ 10,000 ഹെക്ടർ സ്ഥലത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 30,000 കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്. കേരളത്തിന്റെ കാർഷിക മേഖലയെ പുതിയ കാലത്തിനും സാധ്യതയ്ക്കും യോജിച്ച രീതിയിൽ ഉയർത്തിയെടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
 
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.