December 03, 2024

Login to your account

Username *
Password *
Remember Me

ഓയൂർ സംഭവത്തിൽ പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടാനായത് പോലീസിന്റെ അന്വേഷണ മികവ്: മുഖ്യമന്ത്രി

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ പുരോഗതിയിൽ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല രീതിയിൽ അന്വേഷണം നടന്നുവെന്നും പോലീസ് മികവ് കാട്ടിയെന്നും പാലാക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


നമ്മുടെ നാട്ടിൽ അധികം ഉണ്ടായിട്ടില്ലാത്ത, എന്നാൽ മറ്റ് ചില ഇടങ്ങളിൽ പതിവായി സംഭവിക്കുന്നതാണ് പണത്തിന് വേണ്ടി കുട്ടികളെ തട്ടികൊണ്ടു പോകുന്നുത്. നാടൊട്ടുക്കും കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന ഘട്ടത്തിൽ പോലീസിന്റെ കൃത്യനിർവഹണം പോലും തടസ്സപ്പെടുത്തുന്ന തരത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിച്ചിരുന്നു. കേരള പോലീസ് ക്രമസമാധാന പാലനത്തിലും അന്വേഷണ മികവിലും യശസ് നേടി രാജ്യത്ത് തന്നെ മുൻനിരയിൽ നിൽക്കുന്ന സേനയാണ്. ആലുവയിലെ അതിഥി തൊഴിലാളിയുടെ മകളെ പീഡീപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 110 ദിവസത്തിനുളളിൽ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാനായത് അതിന് ഒരു ഉദാഹരണം മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞു.


എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ബോംബേറിലും സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലും ഇത്തരം വ്യാജ പ്രചാരണങ്ങളാണ് ചിലർ നടത്തിയത്. എന്നാൽ രണ്ട് കേസുകളിലും പോലീസ് പ്രതികളെ പിടികൂടി. രണ്ട് സ്ത്രീകളുടെ തിരോധാനത്തിൽ ആരംഭിച്ച അന്വേഷണമാണ് ഇലന്തൂരിലെ നരബലി കേസ് ആയി രൂപപ്പെട്ടത്. കൊല നടത്തി മാസങ്ങൾക്ക് ശേഷം പ്രതികൾ സ്വസ്ഥരായി ജീവിക്കുമ്പോഴാണ് നിയമത്തിന്റെ കരങ്ങളിൽ അവർ പെടുന്നത്. ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലെത്തി എലത്തൂരിലെ ട്രെയിൻ തീവെച്ച പ്രതിയെ വളരെ വേഗം പിടികൂടിയതും അത്ര വേഗം ആരും മറക്കാൻ ഇടയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നവകേരള സദസ്സ് പാലക്കാട് ജില്ലയിൽ പര്യടനം തുടരുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തത് പാലക്കാട് ജില്ലയിലാണ്. 17,845 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്.


എല്ലാ ഭൂരഹിതരേയും ഭൂമിയുടെ ഉടമകളാക്കുക എന്നത് സർക്കാരിന്റെ പ്രധാന പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ജനങ്ങൾക്ക് നൽകിയ ആ ഉറപ്പ് മികച്ച രീതിയിൽ പാലിക്കുകയാണ്. ഇതിനായി സംസ്ഥാനത്ത് ഒരു പട്ടയ മിഷന് രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷങ്ങൾ കൊണ്ട് ഏകദേശം മൂന്ന് ലക്ഷം പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്തു. ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനായി ഭൂമി കണ്ടെത്തുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന മിച്ചഭൂമി കേസുകൾ തീർപ്പാക്കിയാൽ ഭൂരഹിതർക്കു വിതരണം ചെയ്യുന്നതിനാവശ്യമായ ഭൂമി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ ലാന്റ് ബോർഡുകളെ നാല് മേഖലകളായി തിരിച്ച് മേഖലാ ലാന്റ് ബോർഡ് ചെയർമാന്മാരുടെ തസ്തിക സൃഷ്ടിച്ചത്. പ്രവർത്തനം തുടങ്ങി നാല് മാസങ്ങൾക്കുളളിൽതന്നെ 46 കേസുകളിലായി 347.24 ഏക്കർ ഭൂമി ഏറ്റെടുക്കാനായത് ചരിത്ര നേട്ടമാണ്.സംസ്ഥാനത്ത് പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തിന് മാതൃകയായി യൂണിക്ക് തണ്ടപ്പേർ സംവിധാനം ആവിഷ്‌ക്കരിച്ച് നടപ്പാക്കിയത്.


പാലക്കാട് ഇന്ന് നടന്ന പ്രഭാതയോഗത്തിൽ, കൈകളില്ലെങ്കിലും കാലുകൾ കൊണ്ട് വാഹനം ഓടിക്കാൻ പഠിച്ച ഇടുക്കി സ്വദേശിനി ജിലുമോൾക്ക് ഡ്രൈവിങ് ലൈസൻസ് കൈമാറിയതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മിഷനാണ് ജിലുമോൾക്ക് വണ്ടി ഓടിക്കാനുള്ള നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി ലൈസൻസ് ലഭിക്കുന്നതിലേക്ക് ഇടപെട്ട് പ്രവർത്തിച്ചത്. ആർ.ടി. ഒ അധികൃതരും സജീവമായ സഹായം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.