May 03, 2024

Login to your account

Username *
Password *
Remember Me

ഓയൂർ സംഭവം: കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു മുഖ്യമന്ത്രി

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം കാട്ടുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആറു വയസുകാരി അബിഗേൽ സാറയെ സുരക്ഷിതമായി കണ്ടെത്താൻ കഴിഞ്ഞത് വലിയ ആശ്വാസമാണെന്നു മുഖമന്ത്രി മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


ഉദ്വേഗത്തിൻറെയും ആശങ്കയുടെയും നീണ്ട മണിക്കൂറുകൾക്ക് ഒടുവിലാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തിയത്. സംഭവം അറിഞ്ഞ നിമിഷം മുതൽ കുട്ടിയെ കണ്ടെത്താൻ ജാഗ്രതയോടെ അഹോരാത്രം പ്രവർത്തിച്ച പോലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോർന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങൾ നൽകിയ അബിഗേലിന്റെ സഹോദരൻ ജോനാഥന് പ്രത്യേകം അഭിനന്ദങ്ങൾ അറിയിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അറിഞ്ഞ ഉടൻ സർക്കാർ ഇടപെട്ടിരുന്നുവെന്നും തുടർന്ന് കുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പോലീസ് മേധാവിക്കും മറ്റ് ബന്ധപ്പെട്ടവർക്കും നിർദ്ദേശവും നൽകി. അന്വേഷണത്തിന്റെ ഏകോപനത്തിനായി എഡിജിപി അടക്കമുളള മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുതുകയുണ്ടായി. സംഭവം അറിഞ്ഞപ്പോൾത്തന്നെ കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ വാഹനപരിശോധന ആരംഭിച്ചു. ആയിരക്കണക്കിന് പോലീസുകാരാണ് അന്വേഷണത്തിൽ പങ്കാളികളായത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചിലാണ്. പോലീസ് കുട്ടിക്ക് വേണ്ടി നടത്തിയത്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള കാർ ആണ് പ്രതികൾ ഉപയോഗിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്.


ഇത്തരമൊരു സന്നിഗ്ദ്ധ ഘട്ടത്തിൽ അബിഗേലിന്റെ കുടുബത്തിന് ഒപ്പം നിന്ന് കരുത്ത് പകർന്ന കേരളീയ സമൂഹത്തെ ഹാർദമായി അഭിവാദ്യം ചെയ്യുന്നു. കേരളത്തിന്റെ മാനവികതയും സാമൂഹ്യ ഐക്യവും പ്രകടമായ സമയം കൂടിയാണിത്. വിവരങ്ങൾ അതാത് സമയം എത്തിക്കുന്നതിലും അതിലൂടെ ജനങ്ങളെ ജാഗരൂകരാക്കുന്നതിലും മാധ്യമങ്ങൾ നല്ല പങ്കാണ് വഹിച്ചത്. അതേ സമയം ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങൾക്ക് എന്തൊക്കെ കരുതൽ ഉണ്ടാകണം എന്ന ചർച്ചയും സ്വയംവിമർശനവും വേണ്ടതുണ്ട്. അന്വേഷണ പുരോഗതി അതാതു സമയം ജനങ്ങളിലെത്തിക്കുന്നത് നല്ലതാണ്. എന്നാൽ അത് കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. വല്ലാതെ ദുഃഖം അനുഭവിക്കുന്നവർക്ക് മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിലെ പുറത്തെത്തിച്ച രക്ഷാപ്രവർത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. രാജ്യത്തിനാകെ സന്തോഷം പകർന്ന ദിനമായിരുന്നു ഇന്നലെ. 400 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് ഇന്നലെ ഉത്തരാഖണ്ഡിൽ വിജയകരമായി പൂർത്തിയാക്കിയത്. മനസ്ഥൈര്യം കൈവിടാതെ പ്രതിസന്ധിയെ അതിജീവിച്ച തൊഴിലാളികൾക്കും അതിസാഹസികമായ രക്ഷാപ്രവർത്തനം കൃത്യതയോടെ നടപ്പാക്കിയ ഉത്തരാഖണ്ഡ് അധികൃതരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.