കേരള വനിതാ കമ്മിഷനും സുശീല ഗോപാലൻ സ്മാരക സ്ത്രീപദവി നിയമ പഠനകേന്ദ്രവും (എസ്ജിഎൽഎസ്) സംയുക്തമായി ഇന്ത്യൻ ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും എന്ന വിഷയത്തിൽ നാളെ രാവിലെ 10ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കും. കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി സെമിനാർ ഉദ്ഘാടനം ചെയ്യും.
പാർലമെന്റിൽ സ്ത്രീകൾക്കായി 30 ശതമാനം സംവരണം അനുവദിക്കപ്പെട്ടത് ആഘോഷിക്കപ്പെടുന്ന ഈ കാലത്തും ഇന്ത്യയിൽ സ്ത്രീകളുടെ ലിംഗപദവിയും അവകാശങ്ങളും എത്രത്തോളം സംരക്ഷിക്കപ്പെടുന്നു എന്നത് വലിയൊരു ചോദ്യമായി നിലനിൽക്കുന്നു. ലിംഗഭേദമന്യേ തുല്യ അവകാശം വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടന ഉണ്ടായിട്ടും അവകാശങ്ങൾക്കായി സ്ത്രീകൾക്ക് ഇന്നും നിരന്തര പ്രക്ഷോഭങ്ങൾ നടത്തേണ്ടി വരുകയാണ്. ഈ സാഹചര്യത്തെപ്പറ്റി കൂടുതൽ അറിയാനും ചർച്ച ചെയ്യാനുമാണ് സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. എസ്.ജി.എൽ.എസ് പ്രസിഡന്റ് അഡ്വ. സി.എസ്. സുജാത മുഖ്യപ്രഭാഷണം നടത്തും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും നിയമപരിരക്ഷയും എന്ന വിഷയം ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് മെറിൻ ജോസഫ് അവതരിപ്പിക്കും. ഭരണഘടനയും സ്ത്രീസംരക്ഷണ നിയമങ്ങളും എന്ന വിഷയം കേരള വനിതാ കമ്മിഷന്റെ ഹൈക്കോടതി സ്റ്റാൻഡിംഗ് കോൺസൽ അഡ്വ. പാർവതി മേനോൻ അവതരിപ്പിക്കും. എസ്.ജി.എൽ.എസ് സെക്രട്ടറി ഡോ. ടി. ഗീനാകുമാരി, വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, എ.ഐ.ഡി.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, വനിതാ കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ. ദിവ്യ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ സംസാരിക്കും.