November 23, 2024

Login to your account

Username *
Password *
Remember Me

പ്രത്യേക വിഭാഗം വനിതകളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ പബ്ലിക് ഹിയറിംഗുമായി വനിത കമ്മിഷൻ

*സെപ്റ്റംബർ 11ന് സീരിയൽ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യും


സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വനിതകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കേരള വനിത കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തും. ആദ്യഘട്ടമായി 11 മേഖലകളിൽ ഉൾപ്പെടുന്ന വനിതകളുടെ പ്രശ്നങ്ങളാണ് മനസിലാക്കാൻ ശ്രമിക്കുന്നത്. അൺ എയ്ഡഡ് സ്‌കൂളിലെ വനിത അധ്യാപകർ, ഹോം നഴ്സ്-വീട്ടുജോലിക്കാർ, വനിത ഹോം ഗാർഡ്സ്, കരാർ ജീവനക്കാർ, സീരിയൽ മേഖലയിലെ വനിതകൾ, വനിത മാധ്യമ പ്രവർത്തകർ, മത്സ്യ സംസ്‌കരണ യൂണിറ്റുകളിലെ വനിതകൾ- മത്സ്യകച്ചവടക്കാരായ സ്ത്രീകൾ, വനിത ലോട്ടറി വിൽപ്പനക്കാർ, വനിത ഹോട്ടൽ ജീവനക്കാർ, ഒറ്റപ്പെട്ട സ്ത്രീകൾ തുടങ്ങിയവരുടെ പ്രശ്നങ്ങളാണ് പബ്ലിക് ഹിയറിംഗിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


സ്ത്രീകൾ അനുഭവിക്കുന്ന തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ അവരിൽനിന്നു നേരിട്ട് അറിയുകയാണ് പരിപാടിയുടെ ലക്ഷ്യം. സെപ്റ്റംബറിൽ അഞ്ച് പബ്ലിക് ഹിയറിംഗുകൾ നടത്തും. ഇതിൽ ആദ്യത്തെ പബ്ലിക് ഹിയറിംഗ് സീരിയൽ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 11ന് തിരുവനന്തപുരം തൈക്കാട് പൊതുമരാമത്ത് റസ്റ്റ്ഹൗസിൽ നടക്കും. സെപ്റ്റംബർ 16ന് എറണാകുളത്ത് കരാർ ജീവനക്കാരുടെ പ്രശ്നങ്ങളും 19ന് പത്തനംതിട്ടയിൽ ഹോം നഴ്സുമാരുടെ പ്രശ്നങ്ങളും 21ന് കോട്ടയത്ത് മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന വനിതകളുടെ പ്രശ്നങ്ങളും 26ന് കണ്ണൂരിൽ ലോട്ടറി വിൽക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളും പബ്ലിക് ഹിയറിംഗിൽ വിലയിരുത്തും. അതത് മേഖലകളിലെ സംഘടനകളുമായി ബന്ധപ്പെട്ട് പ്രതിനിധികളെ പബ്ലിക് ഹിയറിംഗിൽ പങ്കെടുപ്പിക്കും. ഇതിനു പുറമേ അതത് മേഖലകളിലെ വനിതകൾക്ക് നേരിട്ടും പങ്കെടുത്ത് പ്രശ്നങ്ങൾ അവതരിപ്പിക്കാം.


ഓരോ മേഖലയിലെയും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും ഇതിനുള്ള പരിഹാര മാർഗങ്ങളും നിർദേശങ്ങളായി സർക്കാരിനു സമർപ്പിക്കുമെന്ന് കേരള വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതകളുടെ പ്രശ്നങ്ങൾ മേഖല തിരിച്ച് കണ്ടെത്തി പരിഹരിക്കുന്നതിന് വേണ്ടിയാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുന്നതെന്നും ഇതിലൂടെ സ്ത്രീകളുടെ മുന്നേറ്റത്തിന് ആക്കം കൂട്ടാൻ സാധിക്കുമെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ പല വിധത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.