May 02, 2024

Login to your account

Username *
Password *
Remember Me

നാലുദിന ഫ്രീഡം ഫെസ്റ്റിന് തലസ്ഥാനത്ത് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വിജ്ഞാന സ്വാതന്ത്ര്യം, നൂതനാശയങ്ങൾ, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന് ഇന്ന് തുടക്കം. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനും ലനക്സ് ഫൗണ്ടേഷൻ ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് ജൂലിയൻ ഗോർഡൻ 'ഓപ്പൺ സോഴ്സും ലിനക്സ് ഫൗണ്ടേഷനും' സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി. 'ദൈനംദിനജീവിതത്തിൽ മെഷീൻ ലേണിങ്'എന്ന വിഷയത്തിൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ പ്രൊഫ. എം നരസിംഹമൂർത്തി സംസാരിച്ചു. നാലുദിവസം നീളുന്ന ഫെസ്റ്റിവലിന്റെ ഒന്നാം ദിവസം സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോളജുകളിൽ നിന്ന് ഐഡിയത്തോൺ വഴി തെരഞ്ഞെടുത്ത 1500 കുട്ടികൾ പങ്കെടുക്കുന്ന യുവ പ്രൊഫഷണൽ മീറ്റ് നടക്കും. 2035ൽ കേരളം സുസ്ഥിരവികസന ലക്ഷ്യങ്ങൾ നേടുന്നതിന് കുട്ടികൾ മുന്നോട്ടുവെച്ച നാനൂറോളം ആശയങ്ങളുട അടിസ്ഥാനത്തിലുള്ള ചർച്ചകൾ നടക്കും. സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യവികസനം, വ്യവസായം ജനസംഖ്യാപരിവർത്തനം, പരിസ്ഥിതിയും സുസ്ഥിരതയും, ഉന്നത വിദ്യാഭ്യാസവും നൈപുണ്യവികസനവും തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച അവതരണങ്ങളും ഉണ്ടാകും. വ്യവസായ മന്ത്രി പി. രാജീവ് വൈകീട്ട് ആറിന് സമാപനപ്രസംഗം നടത്തും. ഡോ. ടി എം തോമസ് ഐസക്, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാൽ എന്നിവർ തീരുമാനങ്ങൾ ക്രോഡീകരിക്കും.


ഏഴു വേദികളിലായി നാല്പതോളം സെമിനാറുകളും വർക്ക്ഷോപ്പുകളും 13 മുതൽ നടക്കും. സാമൂഹ്യനീതി, ഇ- ഗവേണൻസ്, ജീനോമിക്സ്, മെഡിക്കൽ ടെക്നോളജി, പുതിയ സൈബർ നിയമങ്ങളും ഡാറ്റാ സുരക്ഷയും, മാധ്യമസ്വാതന്ത്ര്യവും നവസാങ്കേതികവിദ്യകളും എന്റർപ്രൈസ് ആർക്കിടെക്ചർ, ഡിജിറ്റൽ വിദ്യാഭ്യാസം, ബ്ലോക്ക് ചെയിൻ, തുടങ്ങിയവ സംബന്ധിച്ച പ്രത്യേക സെമിനാറുകൾ ഫ്രീഡം ഫെസ്റ്റിന്റെ സവിശേഷതയാണ്. ഡിജിറ്റൽ സെക്യൂരിറ്റി ട്രെയിനിങ്, ഓപ്പൺസോഴ്സ് ലൈസൻസ്, വെബ് 3.0 ആന്റ് ഡാപ്പ് ഡവലപ്മെന്റ്, പ്രാദേശിക ഇന്നവേഷണുകൾ, അടിയന്തര ദുരന്ത പ്രതികരണം, ഫോറൻസിക് സയൻസ്, മീഡിയ ടെക്നോളജി, ഡിജിറ്റൽ സർവേ മിഷൻ, സയൻസ് കമ്മ്യൂണിക്കേഷൻ, സഹകരണ മേഖലയും ശാസ്ത്രസാങ്കേതിക വിദ്യകളും, ഓപ്പൺ ഹാർഡ് വെയർ, ഓപ്പൺ ഇന്റർനെറ്റ് ഓഫ് തിങ്സ്, ഓപ്പൺ ഡ്രേണുകൾ, സ്‌ക്രൈബസ് പരിശീലനം, ഓപ്പൺ സ്ട്രീറ്റ് മാപ്പ് എന്നിവ സംബന്ധിച്ച വിഷയങ്ങളിലുള്ള വർക്ക്ഷോപ്പുകളും ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. വിക്കിപ്പീഡിയ സംഗമം, പ്രൊഫഷണൽ കോൺക്ലേവ്, സ്വതന്ത്ര സോഫ്റ്റ്‌വെയർ സമ്മേളനങ്ങൾ എന്നിവയും അരങ്ങേറും.


കൈറ്റ് വിക്ടേഴ്‌സ്, കെ-ഡിസ്‌ക്, കെ.ഐ.ടി.ഇ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, സി-ഡിറ്റ്, ഐസിഫോസ്, കേരള സ്റ്റേറ്റ് ഐ.ടി മിഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, ജി.ഐ.എഫ്.ടി, കെ.എസ്.ഡി.എം.എ, കെ.എസ്.സി.എസ്.ടി.ഇ, കില, കെ.എസ്.എഫ്.ഡി.സി, കെ-ഫോൺ, കെ.എ.എസ്.ഇ, കെ.എസ്.ഡി.പി, കെൽട്രോൺ, മീഡിയ അക്കാദമി, വിക്റ്റേഴ്സ് എന്നീ സർക്കാർ സ്ഥാപനങ്ങളും വിജ്ഞാനസ്വാതന്ത്ര്യരംഗത്ത് പ്രവർത്തിക്കുന്ന പതിനാറോളം സന്നദ്ധസംഘടനകളും ഫ്രീഡം ഫെസ്റ്റിൽ പങ്കടുക്കുന്നുണ്ട്. ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡം (DAKF) ഏകോപനം നിർവ്വഹിക്കും. വിവിധ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ ഉൾപ്പെടെ പ്രദർശന വില്പന സ്റ്റാളുകളും വൈകുന്നേരങ്ങളിൽ കലാപരിപാടികളും ഉണ്ടാകും. സ്റ്റാളുകളിലും വിവിധ സമ്മേളന വേദികളിലും പ്രവേശനം സൗജന്യമാണ്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.