April 27, 2024

Login to your account

Username *
Password *
Remember Me

ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന സമീപനമാണ് മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയെന്ന് മന്ത്രി വി.എൻ. വാസവൻ

മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള ശ്രമമാണ് നടത്തുന്നതെന്ന് സഹകരണ-രജിസ്ട്രഷേൻ മന്ത്രി വി.എൻ. വാസവൻ. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിനുള്ള നീക്കമാണിതെന്നും മന്ത്രി വ്യക്തമാക്കി.


2021 ജൂലായ് 20 ന് 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ബഞ്ചിന്റെ സുപ്രധാന വിധിയിൽ സഹകരണമേഖല സംസ്ഥാന വിഷയമാണെന്ന് അസനിഗ്ദ്ധമായി ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ 32-ാം എൻട്രി പ്രകാരം സഹകരണ മേഖല സംസ്ഥാന വിഷയമാണെന്നും സംശയലേശമന്യേ സുപ്രീം കോടതി വ്യക്തമാക്കി. ഈ തിരിച്ചടി മറികടക്കാനാണ് പുതിയ മൾട്ടി സ്റ്റേറ്റ് നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുവരുന്നത്. ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന സമീപനമാണിത്. സഹകരണ മേഖലയിൽ 71 ശതമാനം നിക്ഷേപകരുമുള്ളത് കേരളത്തിലാണ്. നിക്ഷേപകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സഹകരണമേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഈ നീക്കത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ മേൽ സംസ്ഥാന സർക്കാരുകൾക്ക് നിയന്ത്രണമില്ല. നിക്ഷേപങ്ങൾക്ക് സുരക്ഷ നൽകാനോ, സാധാരണക്കാരന് വായ്പ നൽകാനോ ഉള്ള സഹകരണ സംഘങ്ങളുടെ പ്രാഥമിക ബാധ്യത പോലും നിയമപ്രകാരം മൾട്ടി സ്റ്റേറ്റ് സംഘങ്ങൾക്ക് ഇല്ലാത്ത സ്ഥിതിയുണ്ടാകും. സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് കീഴിൽ നിയമപ്രകാരം പ്രവർത്തിക്കുന്ന സംഘങ്ങളെ പോലും ഇല്ലാതാക്കി മൾട്ടി സ്റ്റേറ്റ് സംഘങ്ങളാക്കി മാറ്റാൻ കഴിയുന്ന വ്യവസ്ഥകളും കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണ സമിതിയുടെ തീരുമാന പ്രകാരവും പൊതുയോഗത്തിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഏത് സഹകരണ സംഘത്തെയും മൾട്ടി സ്റ്റേറ്റ് സംഘമാക്കി മാറ്റാം. ഇത് കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടി മൾട്ടി സ്റ്റേറ്റ് സംഘമാകുന്നതിന് മുൻപ് സംസ്ഥാന രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി സ്വാഭാവികമായും റദ്ദാകുമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാന നിയമ പ്രകാരം നിക്ഷേപകനും വായ്പക്കാരനും ഇടപാടുകാർക്കും ലഭിക്കുന്ന സംരക്ഷണവും ആനുകൂല്യങ്ങളും നഷ്ടമാകും.


സഹകരണ സംഘത്തിന്റെ ആസ്തിയും മൂലധനവും ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ഒഴിവാകും. കേന്ദ്ര സർക്കാരോ നിക്ഷേപം നടത്തുന്ന വൻകിട കോർപ്പറേറ്റുകളോ നിർദ്ദേശിക്കുന്ന തരത്തിൽ സംഘത്തിന്റെ ആസ്തിയും വരുമാനവും ഉപയോഗിക്കേണ്ടിവരും. ഇത് സാധാരണക്കാർക്കുള്ള സഹായങ്ങൾ നൽകുന്നതിന് തടസമാകും. ഇതോടെ സഹകരണ സംഘങ്ങളുടെ പ്രാഥമിക ഉദ്ദേശം തന്നെ നഷ്ടപ്പെടുകയും സാധാരണക്കാർക്കും ചെറുകിട കർഷകർക്കും അപ്രാപ്യമാകുകയും ചെയ്യും.


പ്രാദേശിക സാമ്പത്തിക സ്രോതസ് എന്ന നിലയിൽ ആർക്കും ഏത് സമയത്തും ആശ്രയിക്കാൻ കഴിയുന്ന സ്ഥാപനമെന്ന യാഥാർത്ഥ്യം ഇല്ലാതാകുകയും ചെയ്യും. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നവ തലമുറ വാണിജ്യ ബാങ്കുകൾക്ക് സമാനമായി സഹകരണ സംഘങ്ങൾ മാറുകയും ചെയ്യും. സുപ്രീം കോടതിയെ ഈ വസ്തുതകൾ ബോധ്യപ്പെടുത്താനായത് കൊണ്ടാണ് സംസ്ഥാനങ്ങൾക്ക് അനുകൂലമായ നിലപാടുണ്ടായത്. ഫെഡറൽ തത്വങ്ങളിലേയ്ക്കുള്ള കടന്ന് കയറ്റമാണെന്ന് വ്യക്തമായതോടെയാണ് കേന്ദ്ര നീക്കങ്ങൾക്ക് സുപ്രീം കോടതി തടയിട്ടത്.


സാധാരണക്കാർക്ക് ഗുണകരമായ പ്രവർത്തനം നടത്തുന്ന സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയാകും പുതിയ നിയമ ഭേദഗതി. സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണിത്. ലോകത്തിന് തന്നെ മാതൃകയാകുന്ന, റാങ്കിംഗിൽ വൻകിട സഹകരണ സംഘങ്ങളെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തിയ സഹകരണ സംഘങ്ങളും സംസ്ഥാനത്തുണ്ട്. ഇത്തരത്തിൽ മാതൃകയാകുന്ന സംഘങ്ങൾക്ക് പോലും ഭീഷണിയാകുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതി ശക്തിയുക്തം എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.