May 02, 2024

Login to your account

Username *
Password *
Remember Me

മുതലപ്പൊഴിയിൽ പൂർണ സുരക്ഷ ഉറപ്പാക്കും, മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കും: മന്ത്രി സജി ചെറിയാൻ

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനു ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ജൂലൈ 10 ന് മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടു മരിച്ച നാലു മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കാൻ ചേർന്ന മന്ത്രിതല യോഗത്തിലെ നിർദേശങ്ങൾ സംബന്ധിച്ചു മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് സംബന്ധിച്ച് അദാനി പോർട്ടുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള നടപടികൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖത്തെ കല്ലും മണ്ണും നീക്കം ചെയ്ത് ബേസിനിലും ചാനലിലും പൊഴിയിലും കരാർ പ്രകാരമുള്ള ശരിയായ ആഴം ഉറപ്പാക്കും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. ഡ്രഡ്ജിങ് സംബന്ധിച്ച് ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിമാരും തിരുവനന്തപുരം ജില്ലയിൽനിന്നുള്ള മൂന്നു മന്ത്രിമാരും ഉൾപ്പെട്ട സമിതി ജൂലൈ 18നു രാവിലെ 10ന് അദാനി പോർട്ട് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും.


തുറമുഖത്തിന്റെ അപ്രോച്ച് ചാനലിൽ അടിഞ്ഞുകൂടുന്ന മണ്ണു നീക്കം ചെയ്യുന്നതിനു സ്ഥിരം സംവിധാനം ഏർപ്പെടുത്തും. സാൻഡ് ബൈപാസിങ് ഇതിനായി നടപ്പാക്കും. ചാനലിലേക്കു മണൽ ഒഴുകിവരാതെ പൈപ്പിലൂടെ പമ്പ് ചെയ്തു മറുഭാഗത്തെത്തിക്കുന്നതാണിത്. 10 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിനു നിർദേശം നൽകി. നടപടികൾ പൂർത്തിയാക്കി, കാലാവസ്ഥാ സാഹചര്യം മാറിയ ഉടൻ, ടെൻഡർ നടപടികളിലേക്കു കടക്കും. കടലിന്റെ പ്രക്ഷുബ്ധാവസ്ഥയും പൊഴിയിലെ അപകട സാധ്യതയും കണക്കിലെടുത്ത് തുറമുഖത്തിലൂടെയുള്ള സുരക്ഷിത ഗതാഗതത്തിനുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്താൻ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളുമായും സാമൂഹിക സംഘടനകളുമായും ഉടൻ ചർച്ച നടത്തും. പൊഴിയുടെ ഇരു കരകളിലുമുള്ള വെളിച്ചക്കുറവു പരിഹരിക്കാൻ ആധുനിക ലൈറ്റുകൾ സ്ഥാപിക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിനു നിർദേശം നൽകി. യാനങ്ങൾക്കു കൃത്യമായി ദിശ മനസിലാക്കുന്നതിന് ലൈറ്റ് ബോയ്കൾ സ്ഥാപിക്കും.


ജൂലൈ 10നു മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടു മരിച്ചവരിൽ റോബിൻ(42)ന്റെ കുടുംബത്തിന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ സ്ഥലംവാങ്ങി വീടു നിർമിച്ചു നൽകും. ഭാര്യയ്ക്കു വരുമാനമാർഗം ഉറപ്പാക്കും. ബിജു ആന്റണി(49)യുടെ കുടുംബത്തിനു പുതിയ വീടു നിർമിച്ചു നൽകും. മൂത്ത മകൾക്കു വരുമാന മാർഗമൊരുക്കും. സുരേഷ് ഫെർണാണ്ടസ്(58)ന്റെ മകന് മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം നൽകും. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു കഠിനംകുളം സഹകരണ ബാങ്കിലുള്ള വായ്പ സംബന്ധിച്ചു സഹകരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി കട ബാധ്യത ഒഴിവാക്കും. കുഞ്ഞുമോൻ(42)ന്റെ കുടുംബത്തിനു പുനർഗേഹം പദ്ധതി പ്രകാരം വീടു നിർമിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭൂമി വാങ്ങി വീടു നിർമിച്ചപ്പോൾ സ്വകാര്യ സ്ഥാപനത്തിൽനിന്നെടുക്കേണ്ടിവന്ന അഞ്ചു ലക്ഷം രൂപയുടെ കടബാധ്യത പൂർണമായി ഒഴിവാക്കുന്നതിനു സഹായം നൽകും. കുടുംബനാഥയ്ക്കു വരുമാനം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.