May 06, 2024

Login to your account

Username *
Password *
Remember Me

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം

ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ആദ്യമായാണ് ഭക്ഷ്യ സുരക്ഷയിൽ സംസ്ഥാനം ഒന്നാമതെത്തുന്നത്.


കേരളം ഭക്ഷ്യ സുരക്ഷയിൽ കൃത്യമായും ചിട്ടയായും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോർജ് പറഞ്ഞു. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവിൽ നേടിയത്. ഈ കാലയളവിൽ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വരുമാനം നേടി. 15.41 കോടി രൂപ നേടി 2018-19ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനം. അതിനെക്കാൾ ഇരട്ടിയോളം വർധനവാണുണ്ടായത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. ഒപ്പം നിന്ന് പ്രവർത്തിച്ച് നേട്ടം കൈവരിക്കാൻ പ്രയത്നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൺസുഖ് മാണ്ഡവ്യയിൽ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ് ഏറ്റുവാങ്ങി.


ദേശീയതലത്തിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളായ ഭക്ഷ്യസുരക്ഷാ പരിശോധന, സാമ്പിൾ ശേഖരണം, സാമ്പിൾ പരിശോധന അഡ്ജൂഡിക്കേഷൻ/പ്രോസികൂഷൻ കേസുകൾ, NABL അംഗീകാരമുളള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈൽ ലാബിന്റെ പ്രവർത്തനം ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകിയ FoSTaC പരിശീലനം, FSSAIയുടെ വിവിധ ഈറ്റ് റൈറ്റ് ഇനീഷിയേറ്റീവ്സ്, സംസ്ഥാന തലത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ വിവിധ ബോധവത്ക്കരണ പരിപാടികൾ, തുടങ്ങി 40 ഓളം പ്രവർത്തന മികവ് വിലയിരുത്തിയാണ് എല്ലാ വർഷവും ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിലെ സ്ഥാനം നിശ്ചയിക്കുന്നത്.


സംസ്ഥാന സർക്കാർ പദ്ധതിയായ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതി 140 പഞ്ചായത്തുകളിൽ നടപ്പാക്കിയതും 500 ഓളം സ്‌ക്കൂളുകളെ പ്രത്യേകം തെരഞ്ഞെടുത്ത് സേഫ് ആൻഡ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂൾ (എസ്.എൻ.എഫ്@സ്‌കൂൾ) എന്ന പദ്ധതി നടപ്പാക്കിയതും പൊതുജനങ്ങൾക്കായി സംസ്ഥാന തലത്തിൽ 3000 ത്തോളം ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസുകൾ നടപ്പാക്കിയതുമാണ് ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഇടം പിടിക്കുന്നതിന് അവസരമൊരുക്കിയത്.


കൂടാതെ അന്താരാഷ്ട്ര ചെറു ധാന്യ വർഷം 2023 ആചരിക്കുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 26 മില്ലറ്റ് മേളകൾ നടത്തുകയും സംസ്ഥാനത്തൊട്ടാകെ 148 ഈറ്റ് റൈറ്റ് മേളകൾ നടത്തുകയും ചെയ്തത് പരിഗണിച്ച് സംസ്ഥാനത്തിന് പ്രത്യേക അംഗീകാരവും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിലും ഏറ്റവും കൂടുതൽ മില്ലറ്റ്സ് മേള, ഈറ്റ് റൈറ്റ് മേള എന്നിവ നടത്തിയതിനും അംഗീകാരം ലഭിച്ചത് സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമാണ്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.