November 23, 2024

Login to your account

Username *
Password *
Remember Me

കെ-ഫോൺ അടുത്ത മാസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

*കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു


സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക് (കെ-ഫോൺ) അടുത്ത മാസം നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'കെ-ഫോൺ യാഥാർഥ്യമാകുന്നതോടെ നമ്മുടെ ഇന്റർനെറ്റ് സാന്ദ്രതയിൽ വർധനവുണ്ടാകും. അതോടെ ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്താം. അങ്ങനെ ജനങ്ങളും സർക്കാരുകളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും, ' കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തവെ മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സൃഷ്ടിക്ക് ശക്തമായ അടിത്തറ പാകുന്ന ഒന്നായി സമ്പൂർണ ഇ-ഗവേണൻസ് മാറും. ജനങ്ങൾ സർക്കാർ ഓഫീസുകളിലേക്ക് എന്നതിനുപകരം സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് എന്നതാണ് സർക്കാർ നയം. അതിന്റെ ഭാഗമായാണ് ഇ-ഗവേണൻസ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നത്.


സാങ്കേതികവിദ്യകളും അവയിൽ അധിഷ്ഠിതമായ സേവനങ്ങളും സമൂഹത്തിനാകെ പ്രയോജനപ്പെടണം എന്നുണ്ടെങ്കിൽ സമൂഹത്തിലെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനുവേണ്ട ഇടപെടലുകൾ കൂടിയാണ് കെ-ഫോൺ അടക്കം വിവിധ പദ്ധതികളിലൂടെ സംസ്ഥാന സർക്കാർ നടത്തുന്നത്. ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ ഏർപ്പെടുത്തുന്ന നമ്മുടെ രാജ്യത്താണ് കേരളം ഇന്റർനെറ്റ് ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചത്. ഇ-ഗവേണിങ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്റർ സ്ഥാപിച്ചിട്ടുണ്ട്. ഈ ഡേറ്റാ സെന്ററിനെ 14 ജില്ലാ ആസ്ഥാനങ്ങളുമായും 152 ബ്ലോക്ക് ആസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്ക് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി നടപ്പാക്കിവരികയാണ്. നിലവിൽ 2,000 ത്തിലധികം ഹോട്ട്സ്പോട്ടുകൾ തയാറായിക്കഴിഞ്ഞു. 2,000 ഹോട്ട്സ്പോട്ടുകൾ കൂടി ഒരുങ്ങുകയാണ്. ഇന്റർനെറ്റ് കണക്ടിവിറ്റി ഒരുക്കാനായി ബന്ധപ്പെട്ട ഈ അടിസ്ഥാന സൗകര്യവികസന പദ്ധതികളെല്ലാം തന്നെ ഇ-ഗവേണൻസ് സംവിധാനങ്ങൾ ജനങ്ങൾക്കു പ്രാപ്യമാക്കാനും സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കൂടി ഉപകരിക്കും.


ഇ-സേവനം പോർട്ടൽ മുഖേന നിലവിൽ 900 ത്തോളം സർക്കാർ സേവനങ്ങൾ ലഭ്യമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇതേ മാതൃകയിലുള്ള മറ്റൊരു ജനകീയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി. 7.5 കോടി സർട്ടിഫിക്കറ്റുകളാണ് ഇതുവഴി ലഭ്യമാക്കിയത്. സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും സബ് കളക്ടറേറ്റുകളിലും കമ്മീഷണറേറ്റുകളിലും ഡയറക്ടറേറ്റുകളിലും നടപ്പാക്കിയ ഇ-ഓഫീസ് സംവിധാനം താലൂക്ക് തലത്തിൽ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇ-ഗവേണൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ഇന്റർനെറ്റ് അവകാശമാക്കി മാറ്റുകയും ചെയ്യുമ്പോൾ തന്നെ അത്തരം സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്താനുള്ള കഴിവ് പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിക്കേണ്ടതുണ്ട്. ആ ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളത്തിൽ സ്ഥാപിച്ചത്. ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുന്നതിനുള്ള പ്രാദേശിക ഇടപെടലുകൾ നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിനെ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യത്തെ പഞ്ചായത്തായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിജിറ്റൽ സാക്ഷരതക്കായുള്ള സംസ്ഥാനതല പദ്ധതിക്ക് തുടക്കമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, അഡീഷനൽ ചീഫ് സെക്രട്ടറി വി വേണു, ഐ.ടി വകുപ്പ് സെക്രട്ടറി രത്തൻ യു ഖേൽകർ, സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരി എന്നിവർ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.