വർക്കല സബ് ഡിവിഷനിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പകൽകുറി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ അച്ചടക്കമുള്ള ഒരു സേനയായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മാറിയിരിക്കുകയാണെന്ന് സ്പീക്കർ പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിൽ രാഷ്ട്ര സ്‌നേഹം, അച്ചടക്കം, അർപ്പണബോധം എന്നിവ വളർത്തിയെടുക്കുന്നതിൽ എസ്പിസിയ്ക്ക് വലിയ പങ്കുണ്ട്. സ്‌കൂളുകളിൽ അനിവാര്യമായ സേനയായി എസ്പിസി മാറിയെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് മാതൃകപരമായ പ്രവർത്തനം കാഴ്ചവെക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറ് പ്ലാറ്റൂണുകളിലായി 122 വിദ്യാർത്ഥികളാണ് പരേഡിൽ അണിനിരന്നത്.
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പകൽകുറി, എൻ.എസ്.എസ് എച്ച്.എസ്.എസ് മടവൂർ, ഗവൺമെന്റ് എച്ച്.എസ്.എസ് പള്ളിക്കൽ എന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് പരിശീലനം പൂർത്തിയാക്കിയത്. ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ പകൽകുറിയിലെ ശിവൻ ബി രാജ്, നന്ദനാ സുനിൽ എന്നിവരാണ് പരേഡ് നയിച്ചത്. മികച്ച പ്ലാറ്റൂണുകൾക്കും കേഡറ്റുകൾക്കുമുള്ള പുരസ്‌കാരങ്ങൾ സ്പീക്കർ വിതരണം ചെയ്തു. വി.ജോയി എം.എൽ.എ, മറ്റ് ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.