മേയ് 17 കുടുംബശ്രീ ദിനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാജ്യത്തിനും ലോകത്തിനും കേരളം സൃഷ്ടിച്ച മാതൃകയാണു കുടുംബശ്രീയെന്നും ഓരോ മലയാളിക്കും ഇതിൽ അഭിമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1998 മേയ് 17നു കുടുംശ്രീക്കു തുടക്കമിട്ടതു മുൻനിർത്തിയാണ് മേയ് 17 കുടംബശ്രീ ദിനമായി പ്രഖ്യാപിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതുകേവലമായ ദിനമല്ല, ലോകശ്രദ്ധേ നേടിയ ഒരു ഏട് ആരംഭിച്ച ദിനമാണ്. ആ നിലയ്ക്കുള്ള ചരിത്രപ്രസക്തി ഈ ദിനത്തിനുണ്ട്. ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ടാണു കുടുംബശ്രീ തുടങ്ങിയത്. ഇക്കാര്യത്തിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത് ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് 64006 കുടുംബങ്ങളെ അതിദരിദ്രരായി കണ്ടെത്തിയിട്ടുണ്ട്. അവരെ അതിദാരിദ്ര്യത്തിൽനിന്നു മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇനിയുള്ള നാളുകളിൽ കേരളം ഏറ്റെടുക്കാൻ പോകുന്നത്. എല്ലാവരും ഏകോപിതമായി ഈ ദൗത്യം ഏറ്റെടുക്കണം. ഇതിൽ വലിയ പങ്കു നിർവഹിക്കാൻ കുടുംബശ്രീക്കു കഴിയും. 2025 നവംബർ ഒന്നോടെ ഒരു കുടുംബം പോലും അതിദരിദ്ര കുടുംബമായി അവശേഷിക്കരുത എന്നാണു ലക്ഷ്യം - മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതെങ്ങനെയെന്നതിനെക്കുറിച്ച് 1996ൽ അന്നത്തെ സർക്കാർ പഠനം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണു സ്ത്രീകളുടെ സാമ്പത്തിക മുന്നേറ്റം സാധ്യമാക്കിയാൽ സമൂഹത്തിന്റെയാകെ ദാരിദ്ര്യാവസ്ഥയെ മുറിച്ചുകടക്കാൻ കഴിയുമെന്നു വ്യക്തമായത്. ഇതിന്റെ ഭാഗമായാണു കുടുംബശ്രീ രൂപമെടുക്കുന്നത്. തുടക്കത്തിൽ വലിയതോതിലുള്ള സംശയങ്ങൾ ഉയർന്നുവന്നിരുന്നു. സംരംഭക, ഉത്പാതക മേഖലയിൽ സ്ത്രീകൾക്ക് എന്തു ചെയ്യാൻ കഴിയുമെന്ന ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ സ്ത്രീകളുടെ ഉന്നമനം സമൂഹത്തിന്റെയാകെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാകാത്തതാണെന്ന വ്യക്തമായ നിലപാടാണ് അന്നു സ്വീകരിച്ചത്. അതിന്റെ ഭാഗമായാണു കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ നാടാകെ വ്യാപിപ്പിച്ചത്. അന്നത്തെ ആശങ്കകളെല്ലാം അസ്ഥാനത്തായിരുന്നുവെന്നു തെളിയിക്കുന്ന കാലമായിരുന്നു പിന്നീട്. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയാണു കുടുംബശ്രീ. 46 ലക്ഷത്തിലധികം അംഗങ്ങളിലൂടെ ലക്ഷക്കണക്കിനു കുടുംബങ്ങളാണ് ഇതിന്റെ ഗുണഫലമനുഭവിക്കുന്നത്.
സ്ത്രീകളോടുള്ള ജനാധിപത്യ സമീപനത്തിന്റെ അഭാവമാണ് അവരുടെ സാമൂഹ്യ സാമ്പത്തികാവസ്ഥകൾ പിന്നോട്ടടിക്കപ്പെടുന്നതിലെ പ്രധാന ഘടകം. ഇത്തരം പരിമിതികൾ മറികടക്കാൻ ഉതകുംവിധത്തിലുള്ള സമഗ്ര പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയെന്നതാണു കുടുംബശ്രീ ലക്ഷ്യമിട്ടത്. അതിനായി വാർഡ് തലം മുതൽ സംസ്ഥാനതലം വരെയുള്ള സംഘടന ശക്തിപ്പെടുത്തിയാണു മുന്നേറിയത്. 3,90667 അയൽക്കൂട്ടങ്ങളിലായി 46,16,837 അംഗങ്ങൾ ഇന്നു കുടുംബശ്രീയ്ക്കുണ്ട്. 25992 വയോജന അയൽക്കൂട്ടങ്ങളിലായി 2,83615 പേരുമുണ്ട്. ഭിന്നശേഷിയുള്ളവർക്കു പിന്തുണ നൽകുന്നതിനായുള്ള 3352 അയൽക്കൂട്ടങ്ങളിലായി 32860 പേരുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള 48 അയൽക്കൂട്ടങ്ങളിൽ 550 പേർ അംഗങ്ങളാണ്. ഇവയോടൊപ്പം 18 മുതൽ 40 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്കായി ഓക്സിലിയറി ഗ്രൂപ്പുകൾ രൂപീകരിച്ചു. 19,544 ഓക്സിലിയറി ഗ്രൂപ്പുകളിൽ 3,06,692 അംഗങ്ങളുണ്ട്. കേരളത്തിലെ സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിൽ കുടുംബശ്രീ നട്ടെല്ലായി പ്രവർത്തിക്കുകയാണ്. കുടുംബശ്രീ സംഘടനാ സംവിധാനത്തെ സജീവമാക്കുന്നതും ഏകോപിപ്പിക്കുന്നതും ലഘു സമ്പാദ്യ പ്രവർത്തനങ്ങളാണ്. നിലവിൽ അയൽക്കൂട്ടങ്ങൾക്ക് 8029.47 കോടി രൂപ സമ്പാദ്യവും 24237.33 കോടി രൂപ ആന്തരിക വായ്പയുമുണ്ട്. 2,27,000 അയൽക്കൂട്ടങ്ങൾ ബാങ്കുകളിലൂടെയുള്ള ലിങ്കേജ് വഴി 25895 കോടിയുടെ വായ്പയെടുത്തു വിവിധങ്ങളായ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്നു. ഇവ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി റിവോൾവിങ് ഫണ്ട്, മാച്ചിങ് ഗ്രാന്റ് തുടങ്ങിയ പിന്തുണകൾ സർക്കാരും നൽകുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ കുടുംബശ്രീയെ സർക്കാർ ചേർത്തുപിടിക്കുന്നുണ്ടെന്നും കണ്ണിലെ കൃഷ്ണമണിപോലെ കുടുംബശ്രീയെ സർക്കാർ കാത്തുസൂക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാതി, മത വേർതിരിവുകൾക്ക് അതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനും സഹകരിക്കാനുമൊക്കെ കേരളം തയാറായതുകൊണ്ടാണ് ഇത്തരമൊരു പ്രസ്ഥാനം ഇത്ര വളർന്നു വലുതായത്. കേരളീയ സമൂഹത്തിന്റെ മതനിരപേക്ഷ സമീപനത്തിന്റെ ഫലംകൂടിയാണു കുടുംബശ്രീയുടെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ ആദ്യ ഡിജിറ്റൽ റേഡിയോ റേഡിയോ ശ്രീയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കുടുംബശ്രീയുടെ 25-ാം വാർഷികം കേരളീയ സ്ത്രീ സമൂഹത്തിന്റെ അഭിമാന നിമിഷമാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. രാജ്യത്ത് ദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതിനു പിന്നിൽ കുടുംബശ്രീക്കു വലിയ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുത്തരിക്കണ്ടം മൈതാനത്തു നടന്ന ചടങ്ങിൽ കുടുംബശ്രീയിലെ മുതിർന്ന അംഗം കെ. വാസന്തിയാണു സ്വാഗതം ആശംസിച്ചത്. കുടുംബശ്രീയുടെ പുതുക്കിയ ലോഗോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്തു. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മുൻ മന്ത്രി പി.കെ. ശ്രീമതി ടീച്ചർ, മുൻ എം.പി സുഭാഷിണി അലി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.