ജില്ലയിലെ ആദ്യ നഗരസഭാതല മാതൃക സി.ഡി.എസ് എന്ന വിശേഷണം ഇനി ആറ്റിങ്ങൽ നഗരസഭയ്ക്ക് സ്വന്തം. മോഡൽ സി.ഡി.എസിന്റെ ഔദ്യോഗിക പ്രഖ്യാപനം ദേവസ്വം, പട്ടിക ജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. നഗരസഭയിലെ കുടുംബശ്രീയുടെ 25മത് വാർഷിക ആഘോഷങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കേവല ലക്ഷ്യങ്ങളെ മറികടന്ന് ഇന്ന് വലിയ നേട്ടങ്ങൾ കരസ്ഥമാക്കിയെന്നും സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ സ്ത്രീകൾ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പിന്നോക്ക ക്ഷേമ വികസന കോർപ്പറേഷന്റെ സഹകരണത്തോടെ 206 സംരംഭകർക്കുള്ള ബൾക്ക് ലോണിന്റെ വിതരണം, ആശ്രയ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യ വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഒ. എസ് അംബിക എം.എൽ.എ ലോണുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഒരു കോടി 40 ലക്ഷം രൂപയാണ് വിവിധ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി വിതരണം ചെയ്തത്. അഗതിരഹിത കേരള പദ്ധതി പ്രകാരം 41 ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യം, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്‌സൺ എസ്.കുമാരി വിതരണം ചെയ്തു.
ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്‌സൺ എസ്. കുമാരി, നഗരസഭാ വൈസ് ചെയർമാൻ തുളസിധരൻ പിള്ള, കൗൺസിലർമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. നജീബ് വൈഖരി, സി.ഡി.എസ് ചെയർപേഴ്‌സൺ റീജ.എ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.