*നഗരസഭകളിൽ ഏപ്രിൽ 22 മുതൽ കെ സ്മാർട്ട്
ഗ്രാമപഞ്ചായത്തുകളിൽ ഓൺലൈനിൽ സേവനം ഒരുക്കുന്ന ഐഎൽജിഎംഎസ് വഴി ഇതിനകം ഒരു കോടിയിലധികം ഫയലുകൾ കൈകാര്യം ചെയ്തതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2022 ഏപ്രിൽ 4നാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെൻറ് സിസ്റ്റം വഴിയുള്ള സേവനം വ്യാപിപ്പിച്ചത്. ഒരു വർഷം പൂർത്തായാകാൻ രണ്ട് ആഴ്ച ബാക്കി നിൽക്കെയാണ് ഒരു കോടി ഫയലുകളെന്ന നേട്ടം ഐഎൽജിഎംഎസ് സ്വന്തമാക്കിയത്. ഇന്ന് (മാർച്ച് 22) ഉച്ചവരെ 1,00,05,051 ഫയലുകളാണ് ഐഎൽജിഎംഎസ് വഴി കൈകാര്യം ചെയ്തത്. ഇവയിൽ 89.13 ലക്ഷം ഫയലുകളും (89.08%) തീർപ്പാക്കിക്കഴിഞ്ഞു. 264 സേവനങ്ങളാണ് ഐഎൽജിഎംഎസ് വഴി നിലവിൽ ലഭ്യമാക്കുന്നത്. അഭിമാനകരമായ നേട്ടമാണ് ഐഎൽജിഎംഎസ് വഴി ഇ ഗവേണൻസ് രംഗത്ത് കേരളം കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. നേട്ടത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഐഎൽജിഎംഎസ് രൂപകൽപ്പന ചെയ്ത ഇൻഫർമേഷൻ കേരളാ മിഷനെയും മന്ത്രി അഭിനന്ദിച്ചു.
നഗരസഭകളിലെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാനുള്ള പ്ലാറ്റ്‌ഫോം കെ-സ്മാർട്ട് ഏപ്രിൽ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ സ്മാർട്ടിൽ ജനന-മരണ രജിസ്‌ട്രേഷൻ, വ്യാപാര ലൈസൻസ്, പൊതുപരാതി പരിഹാര സംവിധാനം എന്നീ സേവനങ്ങൾ ആദ്യഘട്ടത്തിൽ ലഭ്യമാകും. നവംബർ ഒന്നിന് എല്ലാ സേവനങ്ങളോടെയും പൂർണതോതിൽ കെ സ്മാർട്ട് പ്രവർത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സേവനങ്ങളും മൊബൈൽ ആപ്പിലും ലഭ്യമാകും.
പൊതുജനങ്ങൾ ഓൺലൈനിലൂടെ സേവനം തേടുന്ന സിറ്റിസൺ സർവീസ് പോർട്ടൽ വഴി ലഭിച്ചത് 14.43 ലക്ഷം അപേക്ഷകളാണ്. ഇതിൽ 13.13 ലക്ഷം ഫയലുകളും (91.01%) തീർപ്പാക്കി. പഞ്ചായത്ത് ഓഫീസിൽ വരാതെ തന്നെ സേവനങ്ങൾ എല്ലാം ലഭ്യമാകുന്ന രീതിയിലാണ് ഐഎൽജിഎംഎസ് സംവിധാനം. citizen.lsgkerala.gov.in ലൂടെയാണ് സേവനങ്ങൾ ലഭ്യമാകുന്നത്. പണമടയ്ക്കാനും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുൾപ്പെടെ വെബ്‌സൈറ്റിലുണ്ട്. പഞ്ചായത്ത് ഓഫീസുകളിൽ നേരിട്ട് വരാതെ, വെബ്‌സൈറ്റിലൂടെ അപേക്ഷകൾ നൽകുന്ന സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പൊതുജനങ്ങളോട് അഭ്യർഥിച്ചു.