April 24, 2024

Login to your account

Username *
Password *
Remember Me

രാഷ്ട്രപതി തിരുവനന്തപുരത്തെത്തി

കേരള സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു തിരുവനന്തപുരത്ത് എത്തി. കൊച്ചിയിൽനിന്ന് വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, എഡിജിപി എം.ആർ. അജിത്കുമാർ, എയർ വൈസ് മാർഷൽ എസ്.കെ. വിധാതെ, ബ്രിഗേഡിയർ ലളിത് ശർമ, തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവർ ചേർന്നു സ്വീകരിച്ചു. കൊച്ചിയിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം ഗവർണറും മുഖ്യമന്ത്രിയും രാഷ്ട്രപതിക്കൊപ്പം വിമാനത്തിൽ തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു.


തിരുവനന്തപുരത്ത് ഹോട്ടൽ ഹയാത്ത് റെജൻസിയിൽ തങ്ങുന്ന രാഷ്ട്രപതി നാളെ (17 മാർച്ച് 2023) രാവിലെ 9.30ന് കൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠം സന്ദർശിക്കും. രാവിലെ എട്ടിനു തിരുവനന്തപുരം വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കു മടങ്ങിയെത്തുന്ന രാഷ്ട്രപതി രാവിലെ 11.45നു കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരിന്റെ പൗര സ്വീകരണത്തിൽ പങ്കെടുക്കും.


കടുംബശ്രീയുടെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി അഞ്ചു ലക്ഷം വനിതകൾ ചേർന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന 'രചന'യുടെ ഉദ്ഘാടനവും പട്ടിവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള ഉന്നതി പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ രാഷ്ട്രപതി നിർവഹിക്കും. മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ് ആൻഡ് ഡിപ്ലോമ ബുക്കുകളുടെ പ്രകാശനവും രാഷ്ട്രപതി നിർവഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.


മാർച്ച് 18നു രാവിലെ കന്യാകുമാരി സന്ദർശിക്കുന്ന രാഷ്ട്രപതി തിരികെയെത്തിയ ശേഷം ഉച്ചയ്ക്കു ലക്ഷദ്വീപിലേയ്ക്കു പോകും. ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം 21ന് ഉച്ചയ്ക്കു കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു ഡൽഹിയിലേക്കു മടങ്ങും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.