November 22, 2024

Login to your account

Username *
Password *
Remember Me

സഹകരണ നിയമ ഭേദഗതി സഹകരണ മേഖലയ്ക്കു കൂടുതൽ കരുത്തു നൽകും: മന്ത്രി വി.എൻ. വാസവൻ

സഹകരണരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചുള്ള സഹകരണ നിയമ ഭേദഗതി ഈ മേഖലയ്ക്കു കൂടുതൽ കരുത്തു പകരുന്നതാകുമെന്നു സഹകരണ മന്ത്രി വി.എൻ. വാസവൻ. ഈ മേഖലയുടെ വിപുലവും വിശാലവുമായ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണു നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനെജ്മെന്റ് (കിക്മ)-ൽ നിന്നു പഠിച്ചിറങ്ങുന്ന എം.ബി.എ. വിദ്യാർഥികൾക്കു തൊഴിൽ സാധ്യത ഉറപ്പുവരുത്താൻ വിവിധ സഹകരണ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


സഹകരണ നിയമ ഭേദഗതി ബില്ലിന്മേൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും സഹകാരികൾ, പൊതുജനങ്ങൾ, ജീവനക്കാർ നിയമജ്ഞർ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ കേട്ടു കുറ്റമറ്റതാക്കുമെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സഹകരണ മേഖല സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. എം.ബി.എ. പഠനം പൂർത്തിയാക്കുന്നവർക്കു തൊഴിൽ സാധ്യതയൊരുക്കുക എന്ന ലക്ഷ്യത്തോടെ കിക്മ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി ഈ മേഖലയിലെ പുതിയ കാൽവയ്പ്പാണ്. സഹകരണ സ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്ന തൊഴിൽ പരിചയം മൾട്ടി നാഷണൽ കമ്പനികളിലടക്കം തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനു വിദ്യാർഥികൾക്കു പ്രയോജനം ചെയ്യും. സഹകരണ സ്ഥാപനങ്ങളിലെ ഭാവിയിലെ ഒഴിവുകളിൽ ഇത്തരം വിദ്യാർഥികൾക്കു മുൻതൂക്കം നൽകാനുമാകും. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ പിന്തുണ നൽകും.


എൻജിനീയറിങ്, എം.ബി.എ, ജെ.ഡി.സി, എച്ച്.ഡി.സി കോഴ്സുകൾ, ജില്ലാ നോളഡ്ജ് ഡെവലപ്മെന്റ് സെന്ററുകൾ, പോളിടെക്നിക്കുകൾ തുടങ്ങി വിദ്യാഭ്യാസ രംഗത്തു വിവിധ മേഖലകളിൽ സഹകരണ മേഖല മുന്നേറുന്നുണ്ട്. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്കടക്കം പ്രവർത്തനത്തിൽ പുതിയ ദിശാബോധം പകരാൻ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും അനിവാര്യമാണ്. ഒരു സഹകരണ സർവകലാശാലയെന്ന ആശയം ഭാവിയിൽ ഈ മേഖല ചിന്തിക്കുമെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാന സഹകരണ യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക്, ഹാന്റെക്സ്, ഹൗസ്ഫെഡ്, മാർക്കറ്റ്ഫെഡ്, കേരഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരണ യൂണിയൻ ധാരണാപത്രം ഒപ്പുവച്ചു. ജെ.ഡി.സി, എച്ച്.ഡി.സി. കോഴ്സുകളിൽ ഉന്നത വിജയം നേടിയവർക്കു സഹകരണ വകുപ്പ് മന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. കിക്മയുടെ പുതിയ അധ്യയന വർഷത്തെ അഡ്മിഷൻ ബ്രോഷർ, ന്യൂസ് ലെറ്റർ എന്നിവയും പ്രകാശനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റിവ് സൊസൈറ്റീസ് ടി.വി. സുഭാഷ്, സംസ്ഥാന സഹകരണ യൂണിയൻ അഡിഷണൽ രജിസ്ട്രാർ ഗ്ലാഡി ജോൺ പുത്തൂർ, കിക്മ ഡയറക്ടർ ഡോ. രാകേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.