തിരുവനന്തപുരം: ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 80 ലക്ഷത്തോളം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ രംഗത്ത് ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് കാമ്പയിന്‍ ആരംഭിച്ചത്. രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിയ്ക്കുന്നതിലൂടെ സങ്കീര്‍ണതകളിലേക്ക് പോകാതെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല ജീവിതശൈലിയില്‍ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങള്‍ വരാതെ നോക്കാനും സാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് വിപുലമായ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചു വരുന്നത്. ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതിയായ ശൈലി പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിരുന്നു. ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ജനകീയ കാമ്പയിനും സ്‌ക്രീനിംഗും ആരോഗ്യ രംഗത്ത് രാജ്യത്തെ തന്നെ മികച്ച മാതൃകയായി. ആരോഗ്യ മേഖലയിലെ പുതിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു.
ഇ ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തിയാണ് 30 വയസിന് മുകളിലുള്ളവരെ സ്‌ക്രീനിംഗ് നടത്തുന്നത്. ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നു. ഇതുവരെ ആകെ 79,41,962 പേരെ സ്‌ക്രീനിംഗ് നടത്തിയതില്‍ 19.97 ശതമാനം പേര്‍ (15,86,661) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. 11.02 ശതമാനം പേര്‍ക്ക് (8,75,236) രക്താതിമര്‍ദ്ദവും, 8.88 ശതമാനം പേര്‍ക്ക് (7,05,475) പ്രമേഹവും, 3.88 ശതമാനം പേര്‍ക്ക് (3,08,825) ഇവ രണ്ടും സംശയിക്കുന്നുണ്ട്. കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജിയുടെ ഭാഗമായി കാന്‍സര്‍ സ്‌ക്രീനിംഗിനായി കാന്‍സര്‍ സ്‌ക്രീനിംഗ് ഡാഷ്‌ബോര്‍ഡ് വികസിപ്പിച്ചു. ഇതിലൂടെ 6.49 ശതമാനം പേര്‍ക്ക് (5,15,938) കാന്‍സര്‍ സംശയിച്ച് റഫര്‍ ചെയ്തിട്ടുണ്ട്. 0.32 ശതമാനം പേര്‍ക്ക് വദനാര്‍ബുദവും, 5.53 ശതമാനം പേര്‍ക്ക് സ്തനാര്‍ബുദവും, 0.79 ശതമാനം പേര്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ സംശയിച്ചും റഫര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കി വരുന്നു. നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്‍ രണ്ടിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.