November 23, 2024

Login to your account

Username *
Password *
Remember Me

കുട്ടികൾക്കായുള്ള എല്ലാ സർക്കാർ ഹോമുകളിലും കളിക്കളം ഈ വർഷമെന്ന് മന്ത്രി

*പ്രത്യേക ശ്രദ്ധ വേണ്ട എല്ലാ കുട്ടികളേയും ഉൾക്കൊള്ളിച്ചുള്ള കലോത്സവം അടുത്ത വർഷം മുതൽ


പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികൾക്കായി സംസ്ഥാന സർക്കാർ നടത്തുന്ന 16 ഹോമുകളിലും സ്ഥല ലഭ്യതയനുസരിച്ച് കളിക്കളം ഈ വർഷം തന്നെ യാഥാർഥ്യമാകുമെന്ന് വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്. ‘സ്ഥല ലഭ്യത അനുസരിച്ച് എല്ലാ സർക്കാർ ഹോമുകളിലും കളിക്കളം യാഥാർഥ്യമാക്കും. ഹോമുകളിലെ അകത്തളങ്ങൾ പൂർണമായും ശിശുസൗഹൃദമാക്കും. വ്യായാമത്തിന് സൗകര്യം ഏർപ്പെടുത്തും. കുട്ടികളുടെ തന്നെ ആവശ്യമനുസരിച്ച് നടത്തുന്ന ഈ പ്രവർത്തികൾ മിഷനായി ഏറ്റെടുത്ത് ഈ വർഷം തന്നെ യാഥാർഥ്യമാക്കും. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികൾക്കായി നടത്തുന്ന കലോത്സവമായ ‘വർണ്ണചിറകുകൾ’ തിരുവനന്തപുരം ഗവൺമെൻറ് വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മന്ത്രി പറഞ്ഞു.


മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ഇത്തവണ തിരുവനന്തപുരം ജില്ലയിലെ എൻ.ജി.ഒകൾ നടത്തുന്ന സ്ഥാപനങ്ങളിലെ കുട്ടികൾ കൂടി പങ്കെടുക്കുന്നുണ്ട്. അടുത്ത വർഷം മുതൽ സംസ്ഥാനത്തെ എല്ലാ എൻ.ജി.ഒകളും നടത്തുന്ന സ്ഥാപനങ്ങളിലെ കുട്ടികളെ കൂടി വർണ്ണച്ചിറകുകളിൽ പങ്കാളികളാക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാതൃകയിൽ വിവിധ തലങ്ങളിൽ കലാമേള നടത്തിയശേഷം അന്തിമമായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കും. കലാമേള കുഞ്ഞുങ്ങളുടെ വ്യക്തിത്വ വികസനത്തിൽ മുതൽക്കൂട്ടായി മാറും. അവർക്ക് എന്നും ഓർത്തു വെക്കാവുന്ന മനോഹര നിമിഷങ്ങൾ കലോത്സവങ്ങൾ സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു.


കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കൽ പൊതുസമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും മറ്റ് ബന്ധപ്പെട്ടവരുടെയും ഉത്തരവാദിത്തം ആണ്, പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ കാര്യത്തിൽ വിശേഷിച്ചും. ഈ കുട്ടികളുടെ ശാരീരികവും മാനസികവും ഭൗതികവുമായ സമഗ്ര വളർച്ച ഉദ്ദേശിച്ച് ഈ വർഷം മിഷൻ മോഡിൽ എല്ലാ ഹോമുകളിലും അടിസ്ഥാന സൗകര്യ വികസനം സർക്കാർ നടപ്പാക്കും. വകുപ്പിലെ ഉദ്യോഗസ്ഥർ കുട്ടികളെ ചേർത്തുപിടിച്ച് നടത്തുന്ന വിവിധ പദ്ധതികൾ ഏറ്റവും അഭിനന്ദാർഹമാണെന്ന് മന്ത്രി പറഞ്ഞു.


ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം പൂർണമാകണമെങ്കിൽ സർഗവാസനകളെ പരിപോഷിപ്പിക്കേണ്ടതുണ്ടെന്നും വർണ്ണച്ചിറകുകൾ പോലുള്ള കലോത്സവങ്ങൾ അർഥവത്തായ പരിപാടി ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കലാമേളകൾ കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും വിജയ പരാജയങ്ങൾ അതിജീവിക്കാനുള്ള കരുത്ത് അവർക്ക് നൽകുകയും ചെയ്യും. ചടങ്ങിൽ വർണ്ണച്ചിറകളുടെ മനോഹരമായ ലോഗോ ഡിസൈൻ ചെയ്ത കോട്ടയം സർക്കാർ ചിൽഡ്രൻസ് ഹോമിലെ അതുൽ കൃഷ്ണയ്ക്ക് മന്ത്രി വീണാ ജോർജ് ഉപഹാരം നൽകി. ലോഗോ മത്സരത്തിൽ അന്തിമഘട്ടത്തിൽ എത്തിയ കൊല്ലം ഹോമിലെ ആനന്ദ് ടി, പാലക്കാട് ഹോമിലെ രാജീവ് എന്നിവർക്കും സമ്മാനങ്ങൾ നൽകി. വിവിധ കായിക മത്സരങ്ങളിൽ വിജയികളായ മലപ്പുറം തവനൂർ ഹോമിലെ സുരേഷ്, കോഴിക്കോട് ഹോം ഫോർ ഗേൾസിലെ അമ്മു, ഹിമ, കണ്ണൂർ ഹോം ഫോർ ഗേൾസിലെ രഞ്ജിത, ക്രിക്കറ്റ് മത്സരത്തിൽ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം ഹോം ഫോർ ബോയ്‌സിലെ ശരത്, മാൻ ഓഫ് ദി സീരീസും മികച്ച ബാറ്റ്‌സ്മാനുമായ തിരുവനന്തപുരം ഹോം ഫോർ ബോയ്‌സിലെ കിരൺ രാജ്, ക്രിക്കറ്റ് മത്സരത്തിൽ ചാമ്പ്യന്മാരായ തിരുവനന്തപുരം ഗവൺമെൻറ് ഹോം ഫോർ ബോയ്‌സ്, റണ്ണേഴ്‌സ് അപ്പായ കാസർകോട് ഗവൺമെൻറ് ഹോം ഫോർ ബോയ്‌സ്, കബഡി മത്സരത്തിൽ ജേതാക്കളായ കോഴിക്കോട് ഗവൺമെൻറ് ഹോം ഫോർ ഗേൾസ്, റണ്ണേഴ്‌സ്അപ്പായ കണ്ണൂർ ഗവൺമെൻറ് ഹോം ഫോർ ഗേൾസ് , വോളിബോൾ ചാമ്പ്യൻമാരായ കോഴിക്കോട് ഗവൺമെൻറ് ഹോം ഫോർ ഗേൾസ്, റണ്ണേഴ്‌സ് അപ്പായ കണ്ണൂർ ഗവൺമെൻറ് ഹോം ഫോർ ഗേൾസ് എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ചലച്ചിത്രതാരം വിനു മോഹൻ മുഖ്യാതിഥിയായി.


സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സുരേഷ് കുമാർ, കൗൺസിലർ രാഖി രവികുമാർ, കോളജ് പ്രിൻസിപ്പൽ ചാന്ദിനി സാമി എസ്.പി, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ജി പ്രിയങ്ക എന്നിവർ പങ്കെടുത്തു.


അഞ്ച് വേദികളിൽ 23 ഇനങ്ങളിലായി സംസ്ഥാനത്തെ ആയിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവം ജനുവരി 22ന് സമാപിക്കും. ഇത്തവണ കലോത്സവ വേദിയിൽ വിവിധ സ്റ്റാളുകളും മറ്റും ഒരുക്കിയിട്ടുണ്ട്.
Rate this item
(0 votes)
Last modified on Friday, 20 January 2023 14:19

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.