തിരുവനന്തപുരം; ഇതിനകം ഗ്രാമവാസികൾ ഏറ്റെടുത്ത കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി പദ്ധതി പാറശ്ശാല പഞ്ചായത്തിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലും സർവ്വീസ് ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി ഗ്രാമവണ്ടി ആരംഭിച്ച കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ വിജയം കണ്ട് കുന്നത്തുകാൽ പഞ്ചായത്തിൽ ആരംഭിച്ച പദ്ധതി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവ്വഹിച്ചു.
തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ പദ്ധതിയാണ് ഇത്.പാവപ്പെട്ടവർക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി രണ്ടാം പിണറായി സർക്കാർ നടപ്പിലാക്കുന്ന നൂതനമായ പദ്ധതിയാണ് ഗ്രാമവണ്ടിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജനങ്ങളുടെ യാത്രാ സൗകര്യവും നിഷേധിക്കുന്നത് ശരിയല്ല. അങ്ങനെയാണ് നൂതനമായ രീതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്.
കെഎസ്ആർടിസിയുടെ ബസുകൾ നഷ്ടമില്ലാതെ സർവ്വീസ് നടത്തണമെങ്കിൽ ജനങ്ങൽ സ്വകാര്യ വണ്ടികൾ കുറച്ച് കാലം വീട്ടിൽ വെച്ച് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
സി.കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ് ബിനു, അൻസജിതാ റസ്സൽ, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റി. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ അമ്പിളി സ്വാഗതവും, ഗ്രാമവണ്ടി സ്പെഷ്യൽ ഓഫീസർ വി.എം താജുദ്ദീൻ സാഹിബ് നന്ദിയും പറഞ്ഞു. പാറശ്ശാല നിയോജക മണ്ഡലത്തിലെ ഒറ്റശേഖരമംഗലം, അമ്പൂരി പഞ്ചായത്തുകളിലും ഗ്രാമവണ്ടി ഉടൻ ആരംഭിക്കും.