സംസ്ഥാനത്തെ എല്ലാ ഇഎസ്ഐ ആശുപത്രികളിലും ഐസിയു സംവിധാനം ഒരുക്കുക ലക്ഷ്യമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആറ് ഇ എസ് ഐ ആശുപത്രികളിലെ ഐസിയു സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇ.എസ്.ഐ. ആശുപത്രികളിൽ വേണ്ടത്ര ജീവനക്കാർ ഇല്ല എന്ന തരത്തിലുള്ള പരാതികൾ ഈ മേഖലയിലെ സംഘടനകൾ ഉന്നയിക്കുന്നുണ്ട്. പുതിയ വകുപ്പുകൾ കൂടി ഇ.എസ്.ഐ. സംവിധാനത്തോട് കൂട്ടിച്ചേർക്കുമ്പോൾ രോഗികളുടെ എണ്ണം കൂടുന്ന ഒരു അവസ്ഥ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇത് അനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ വരേണ്ടത് ആവശ്യമാണ്. ഇക്കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. സ്ഥിരം ജീവനക്കാരെ നിയമിക്കാനുള്ള സാധ്യതകൾ തീർച്ചയായും പരിശോധിക്കും.
ഇ.എസ്.ഐ. ആശുപത്രികളിൽ ലഭ്യമല്ലാത്ത സ്‌പെഷ്യാലിറ്റി ചികിത്സകൾ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലൂടെ ലഭ്യമാക്കുന്നുണ്ട്. അതു കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാൻ ആകുമോ എന്ന കാര്യവും പരിഗണിക്കും.
കേരളത്തിലെ പത്ത് ലക്ഷത്തിൽപരം തൊഴിലാളികൾക്കും നാൽപത് ലക്ഷത്തോളം വരുന്ന അവരുടെ കുടുംബാംഗങ്ങൾക്കും സേവനം എത്തിക്കുന്ന സംവിധാനമാണ് ഇ.എസ്.ഐ. ഇ.എസ്.ഐ. ഡോക്ടർമാരുടെ ശമ്പള പരിഷ്‌കരണ അപാകതകൾ സർക്കാർ പരിഗണിച്ചു വരികയാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. പേരൂർക്കടക്ക് പുറമെ വടവാതൂർ, എറണാകുളം, ആലപ്പുഴ,ഒളരിക്കര, ഫറോക്ക് ഇ എസ് ഐ ആശുപത്രികളിൽ സ്ഥാപിതമായ ഐസിയു യൂണിറ്റുകളുടെ പ്രവർത്തന ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.