യുവജനങ്ങൾക്കുള്ള മികച്ച അവസരം: മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂർ: സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ ഡിസംബർ 18 മുതൽ 21 വരെ കണ്ണൂർ നഗരത്തിലെ വിവിധ വേദികളിൽ നടക്കും. 18ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം യുവജനകാര്യ, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മുഖ്യധാര കലോത്സവങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്ത യുവജനങ്ങൾക്ക് മികച്ച അവസരമാണ് കേരളോത്സവങ്ങളെന്ന് മന്ത്രി പറഞ്ഞു.
ആറ് വേദികളിലായി 59 ഇനങ്ങളിലാണ് കണ്ണൂരിൽ കലാമത്സരങ്ങൾ നടക്കുക. ഡിസംബർ 27 മുതൽ 30 വരെ കൊല്ലത്താണ് കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾ.ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, കെ വി സുമേഷ് എന്നിവർ മുഖ്യാതിഥികളായി. ഭാരവാഹികളായി മുഖ്യമന്ത്രി പിണറായി വിജയൻ ( മുഖ്യ രക്ഷാധികാരി), പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ജില്ലയിലെ എം പിമാർ, എം എൽ എമാർ (രക്ഷാധികാരികൾ), മന്ത്രി പി എ മുഹമ്മദ് റിയാസ് ( ചെയർമാൻ), പി പി ദിവ്യ (വർക്കിങ്ങ് ചെയർപേഴസൺ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. വിവിധ ഉപസമിതികളെയും തെരഞ്ഞെടുത്തു.