ഐഎംഎയും 65 ആം വാർഷിക സമ്മേളനം 12,13 തീയതികളിൽ കുന്നംകുളത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം; കേരളത്തിലെ ഡോക്ടർമാരുടെ മാതൃസംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ബ്രാഞ്ചിന്റെ അറുപത്തിയഞ്ചാം സംസ്ഥാന സമ്മേളനം നവംബർ 12,13 തീയതികളിൽ കുന്നംകുളം പന്നിത്തടം ടെൽകോൺ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.
ഐഎംഎയുടെ കുന്നംകുളം ബ്രാഞ്ച് 24 വർഷങ്ങൾക്കു ശേഷം ആതിഥേയത്വമരുളുന്ന സമ്മേളനത്തിൽ കേരളത്തിന്റെ എല്ലാ ജില്ലകളിലും നിന്നുമുള്ള നാലായിരത്തോളം ഡോക്ടർമാർ പങ്കെടുക്കും
സമ്മേളനത്തിന്റെ ഭാഗമായി 12ന് രാവിലെ 9 മുതൽ വൈകീട്ട് 6 മണി വരെ സംസ്ഥാന കൗൺസിൽ യോഗവും ഐഎംഎയുടെ വിവിധ പോഷക സംഘടനകളുടെയും സ്കീമുകളുടെയും വാർഷിക ജനറൽ ബോഡിയും നടക്കുന്നതിനൊപ്പം തന്നെ വൈദ്യശാസ്ത്ര രംഗത്തെ പുത്തൻ അറിവുകളെകുറിച്ചു പ്രബന്ധങ്ങളും ചർച്ച ക്ലാസുകളും വർക്ക്‌ഷോപ്പുകളും നടക്കും. കേരളത്തിലെ ആതുര ശുശ്രുഷാ രംഗത്തെ മികച്ച ആശുപുത്രികളിലെ ഡോക്ടർമാർ ഇതിനു നേതൃത്വം നൽകും.
13 ന് രാവിലെ 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് ഐഎംഎയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു സ്ഥാനമേൽക്കും. ആരോഗ്യമന്ത്രി വീണ ജോർജ് , തിരുവനന്തപുരം എംപി ശശി തരൂർ, കുന്നംകുളം എംഎൽഎ എ.സി മൊയ്‌തീൻ, ഐഎംഎയുടെ തിരഞ്ഞെടുക്കപ്പെട്ട ദേശീയ അധ്യക്ഷൻ ഡോ. ആർ.വി അശോകൻ, സംസ്ഥാന അധ്യക്ഷൻ ഡോ. സാമുവൽ കോശി, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ,അടക്കം ആരോഗ്യമേഖലയിലും പൊതുരംഗത്തും ഉള്ള നിരവധി പ്രമുഖരും പങ്കെടുക്കും.