കൊല്ലം: സംസ്ഥാനത്തെ ആതുര സേവന രംഗത്ത് ഇതിനോടകം തന്നെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ കിംസ്ഹെൽത്തിന്റെ ഏറ്റവും പുതിയ മെഡിക്കൽ സെന്റർ കൊല്ലം ആയൂരിൽ പ്രവർത്തനം ആരംഭിച്ചു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി മെഡിക്കൽ സെന്ററിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. കിംസ്ഹെൽത്തിന്റെ കേരളത്തിലെ അഞ്ചാമത്തെ മെഡിക്കൽ സെന്ററാണിത്. ലാബ്, ഫാർമസി സൗകര്യങ്ങൾ, ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗങ്ങൾക്ക് പുറമെ കൊല്ലം കിംസ്ഹെൽത്തിലെ ജനറൽ സർജറി, ന്യൂറോളജി, കാർഡിയോളജി, ഇഎൻടി വിഭാഗങ്ങളുടെ സേവനവും ആയൂരിൽ ലഭ്യമാകും. ഹോം കെയർ ആവിശ്യമുള്ളവർക്കായി ലാബ് സൗകര്യങ്ങളോട് കൂടിയ ആംബുലൻസും, ഡോക്ടറുമ്മാരും, നേഴ്സുമരുമടങ്ങുന്ന വിദഗ്ധ സംഘവും സേവന സജ്ജമാണ്.
ആരോഗ്യ പരിപാലന രംഗത്ത് മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളമെന്നും, സംസ്ഥാനത്തെ ആരോഗ്യസംവിധാനം മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ആയൂരില്‍ ആരംഭിച്ച കിംസ്‌ഹെല്‍ത്ത് മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പൊതുചികിത്സാ സംവിധാനങ്ങള്‍ കാര്യക്ഷമമാണെങ്കിലും അടിയന്തര ചികിത്സയ്ക്ക് പലപ്പോഴും സ്വകാര്യമേഖലയിലെ ആശുപത്രികളെ ആശ്രയിക്കേണ്ടതുണ്ട്. ഓരോ ദിവസം കഴിയുംതോറും അർബുദമടക്കമുള്ള രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് എത്രയും വേഗം എത്തിച്ചേരാനുതകുന്ന രീതിയിലുള്ള ആശുപത്രികളാണ് നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവരേണ്ടത്. അത്തരത്തിലാണ് ഹോം കെയർ അടക്കമുള്ള സേവനങ്ങളുമായി കിംസ്‌ഹെല്‍ത്ത് മുന്നോട്ട് വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നാട്ടിന്‍പുറങ്ങളിലേക്കും മെച്ചപ്പെട്ട സേവനങ്ങളുമായി മുന്നോട്ട് വരുന്ന കിംസ്‌ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണ്ണപിന്തുണ നേരുന്നതായും മന്ത്രി പറഞ്ഞു.
കേരളത്തില്‍ അത്യാധുനിക ആരോഗ്യശൃഖലകൾക്ക് ആരംഭം കുറിച്ചത് കിംസ്‌ഹെല്‍ത്തിന്റെ ആഭിമുഖ്യത്തിൽ ഡോ എം ഐ സഹദുള്ളയാണെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ പാർലമെൻറ് അംഗം എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ലോകനിലവാരത്തിലുള്ള സാങ്കേതിക സംവിധാനങ്ങളുടെ പിന്തുണയോടെ ഏറ്റവും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താനുതകുന്ന രീതിയിൽ പ്രവർത്തിക്കുന്ന കിംസ്‌ഹെല്‍ത്ത്, മിഡില്‍ ഈസ്റ്റിലും വ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ സെന്റർ ഫെസിലിറ്റിയുമായി നാട്ടിന്‍പുറങ്ങളിലേക്ക് കടന്നുവരുന്നത് കിംസ്‌ഹെല്‍ത്തിന്റെ സേവനം കൂടുതൽ ആളുകളിലേക്ക് എത്തുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത്യാധുനിക ചികിത്സാ സേവനങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രാദേശികമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മെഡിക്കല്‍ സെന്റററുകൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് പരിപാടിയില്‍ അദ്ധ്യക്ഷനായിരുന്ന കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. വരും നാളുകളിൽ തദ്ദേശ സ്ഥാപങ്ങളോട് ചേര്‍ന്ന് മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്നും വരുമാനത്തിനപ്പുറം സമൂഹസേവനത്തിനാണ് കിംസ്‌ഹെല്‍ത്ത് മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജ രാജേന്ദ്രൻ, ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രൻ, ആർഡിഒ ശശികുമാർ, കൗൺസിലർ വിളയിൽ കുഞ്ഞുമോൻ, കിംസ്ഹെൽത്ത് ഡയറക്ടർ ഇ ഇക്‌ബാൽ എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കിംസ്‌ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ് സ്വാഗതവും കിംസ്‌ഹെല്‍ത്ത് സി.ഇ.ഒ ജെറി ഫിലിപ്പ് നന്ദിയും പറഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് കിംസ്‌ഹെല്‍ത്ത് ആയൂർ ജംഗ്ഷന് സമീപം മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനുപുറമെ കുറവന്‍കോണം, മണക്കാട്, കമലേശ്വരം, ആറ്റിങ്ങല്‍, പോത്തൻകോട് എന്നിവിടങ്ങളിലാണ് കിംസ്‌ഹെല്‍ത്തിന്റെ മറ്റ് മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.