കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകി. കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവന്ത്, ഭാര്യ ലീല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു.
സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.
എറണാകുളം ആർഡിഒയും കൊച്ചി സിറ്റി പൊലീസ് സംഘവും തിരുവല്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ കാര്യങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവർ എന്നാണ് സംശയം. ആഭിചാരക്രിയകൾ ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാൾക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.
മൃതദേഹങ്ങൾ കുഴിച്ചിട്ടിരിക്കുകയാണ്. കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി. പെരുമ്പാവൂർ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാൾ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂർ സ്വദേശിയായ ഒരാളെ(തന്നെത്തന്നെ) പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാൾ തന്നെ ഫെയ്സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങൾ പറഞ്ഞ് തിരുവല്ലയിലേക്ക് എത്തിച്ചത്.