മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച മൂന്ന് പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വിപണിയിലേക്ക്. പ്ലാസ്റ്റിക് ഗ്രോ ബാഗുകള്‍ക്ക് ബദലായി കയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇ-ക്വയര്‍ ബാഗുകള്‍, പരമ്പരാഗത ചാര്‍കോളിന് പകരം ഉപയോഗിക്കാവുന്ന പീറ്റ്കോള്‍ ഡോട്ട്‌സ്, ടെന്‍ഡര്‍ കോക്കനട്ട് ക്രഷര്‍ എന്നിവ വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. മൂന്ന് ഉത്പന്നങ്ങള്‍ക്കും വന്‍ വിപണി സാധ്യതയാണെന്നും കേരളത്തിന് പുറത്തും രാജ്യത്തിന് വെളിയിലും വിപണനം ചെയ്യാവുന്നതാണെന്നും മന്ത്രി പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ ഈ മൂന്ന് ഉത്പന്നങ്ങളും വിപണിയിലെത്തും. കയര്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ അഗ്രസ്സീവ് മാര്‍ക്കറ്റിംഗ് തന്ത്രം സ്വീകരിക്കണം. ഉത്പന്നങ്ങള്‍ വിപണി ആവശ്യപ്പെടുന്ന ഗുണനിലവാരത്തില്‍ നിര്‍മിച്ചാല്‍ ആവശ്യക്കാര്‍ വരും-മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍.സി.ആര്‍.എം.ഐ-എഫ്.ഒ.എം.ഐ.എല്‍ കൂട്ടുകെട്ടില്‍ വികസിപ്പിച്ചെടുത്ത ഉത്പന്നമാണ് ഇ-ക്വയര്‍ ബാഗുകള്‍. പ്രത്യേക ഇനം കയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വായുസഞ്ചാരമുള്ള പരിസ്ഥിതി സൗഹൃദ ഗ്രോ ബാഗുകള്‍ പുനരുപയോഗിക്കാവുന്നതും കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതും പ്രകൃതിയോട് ഇണങ്ങിയതുമാണ്. ചകിരിച്ചോറ് കൊണ്ട് നിര്‍മ്മിക്കുന്ന പീറ്റ് കോള്‍ ഡോട്ട് ഗ്രില്ലിംഗ് പോലുള്ള പാചക ആവശ്യങ്ങള്‍ക്ക് കാര്യക്ഷമമായി ഉപയോഗിക്കാം. കൂടിയ ഊഷ്മാവില്‍ ചകിരി കംപ്രസ് ചെയ്താണ് ഇത് നിര്‍മിക്കുന്നത്. കരിക്കിന്‍തൊണ്ട് സംസ്‌കരിക്കുന്ന മൊബൈല്‍ ടെന്‍ഡര്‍ കോക്കനട്ട് ക്രഷറാണ് മറ്റൊരു ഉത്പന്നം. ഉപയോഗശേഷം ഉപേക്ഷിക്കുന്ന കരിക്കിന്‍ തൊണ്ട് ഈ യന്ത്രം ഉപയോഗിച്ച് പൊടിച്ച് വളമാക്കാം. എട്ട് മണിക്കൂര്‍ കൊണ്ട് 4800 കരിക്കിന്‍ തൊണ്ടുകള്‍ സംസ്‌കരിക്കാനാകും.
കുടപ്പനക്കുന്നിലെ എന്‍.സി.ആര്‍.എം.ഐ യില്‍ നടന്ന ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായി. കയര്‍ ഉന്നതാധികാരസമിതി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. കയര്‍ഫെഡ് ചെയര്‍മാന്‍ സായ്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.എസ് കസ്തൂരി, എന്‍.സി.എം.ആര്‍.ഐ ഡയറക്ടര്‍ വി.ആര്‍ വിനോദ്, എഫ്.ഒ.എം.ഐ.എല്‍ എം.ഡി എസ്. ശ്രീകുമാര്‍, എന്‍.സി.എം.ആര്‍.ഐ സൈന്റിസ്റ്റ് അഭിഷേക് സി തുടങ്ങിയവര്‍ പങ്കെടുത്തു.