സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല; നിലനില്പിനായി സഹായമഭ്യാര്‍ഥിച്ച് അക്ഷയ സംരഭകര്‍
മലപ്പുറം: അക്ഷയ കേന്ദ്രങ്ങളുടെ നിലനില്പ്പിനെ ബാധിക്കുന്ന പ്രതിസന്ധികള്‍ പൂര്‍ണമായി പരിഹരിച്ച്, അക്ഷയ കേന്ദ്രങ്ങളെയും സംരഭകരെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവിശ്യപ്പെട്ട് സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ഭാരവാഹികള്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കി.
സംസ്ഥാന ഐ.ടി. വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓരോ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ചുറ്റിലും യഥേഷ്ടം പ്രവര്‍ത്തിക്കുന്ന സമാന്തര ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ കാരണം നിലനില്കാനാവാതെ കഷ്ടപ്പെടുന്നതിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബശ്രീ മുഖേന ഓണ്‍ലൈന്‍ കിയോസ്‌കും റേഷന്‍ കടകളോടനുബന്ധിച്ച് ഈ.സ്റ്റോറും തുടങ്ങുന്നത് അക്ഷയ കേന്ദ്രങ്ങളുടെ തകര്‍ച്ചയുടെ പൂര്‍ണതക്ക് കാരണമാകുമെന്നുതിനാല്‍ മേല്‍ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്ന് യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പതീറ്റാണ്ട് മുമ്പ് നിശ്ചയിച്ച സേവന നിരക്ക് സംരഭകരുടെ കൂടി അഭിപ്രായം പരിഗണിച്ച് മാന്യമായ രീതിയില്‍ പരിഷ്‌കരിക്കുക, ആധാര്‍ സേവനങ്ങളുടെതുള്‍പ്പെടെ മുടങ്ങികിടക്കുന്ന സാമ്പത്തിക വിഹിതം ഉടന്‍ വിതരണം ചെയ്യുക, സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങളും അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമായി പരിമിതപ്പെടുത്തുക, ഇത്തരം സേവനങ്ങള്‍ വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സമാന്തര, സ്വകാര്യ കേന്ദ്രങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ദുരുപയോഗം ചെയ്യുന്നത് സാങ്കേതികമായും നിയമപരമായും തടയുക, അക്ഷയ സേവന നിരക്ക് നിശ്ചയിക്കുമ്പോള്‍ ഐ.ടി. അനുബന്ധ ഉപകരണങ്ങള്‍ക്കായി ചെലവഴിച്ച ലക്ഷക്കണക്കിന് രൂപ, അഭ്യസ്ഥവിദ്യരായ സേവനദാതാവിന്റെ മനുഷ്യവിഭവശേഷി, വൈദ്യതി, ടെലിഫോണ്‍, ഇന്റര്‍നെറ്റ് ചാര്‍ജ്, കെട്ടിട വാടക, പേപ്പര്‍, മഷി, സേവനം ലഭ്യമാക്കുന്നതിന് ആവശ്യമായ സമയം തുടങ്ങിയവയെല്ലാം പരിഗണിക്കുക, അക്ഷയ സംരഭകര്‍ക്കും ജീവനക്കാര്‍ക്കും മാസാന്ത വേതനം, ഉത്സവ ബത്ത, ആരോഗ്യ പരിരക്ഷ, പ്രത്യേക ക്ഷേമനിധി എന്നിവ ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയന്‍ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിക്കുള്ള നിവേദനം യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ അഡീ. പി.എസ്. സി.എം. രവീന്ദ്രനും അക്ഷയ ഡയക്ടര്‍ക്കുള്ള നിവേദനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ദീപ റാണിക്കും കൈമാറി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. സജീവ് ജോസഫ്, പി. ഉബൈദുള്ള, നജീബ് കാന്തപുരം എന്നിവരുമായും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു.
യൂണിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഹാസിഫ് സി. ഒളവണ്ണ, ജനറല്‍ സെക്രട്ടറി പി.പി. അബ്ദുല്‍നാസര്‍ കോഡൂര്‍, ട്രഷറര്‍ അഡ്വ. എ.പി. ജാഫര്‍ സാദിഖ്, ഭാരവാഹികളായ യു.പി. ഷറഫുദ്ദീന്‍ ഓമശ്ശേരി, സമീറ പുളിക്കല്‍, മുഹമ്മദ് റിഷാല്‍ നടുവണ്ണൂര്‍, കെ.പി. മുഹമ്മദ് ഷിഹാബ് കൂട്ടിലങ്ങാടി, റഷീദ് തീക്കുനി, അനീസ് ഖാന്‍ തിരുവനന്തപുരം, സബീര്‍ തുരുത്തി കാസര്‍കോട്, മുട്ടം അബ്ദുള്ള എര്‍ണാകുളം തുടങ്ങിയവര്‍ സംബന്ധിച്ചു.