തിരുവനന്തപുരം: കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട സംഭവത്തിൽ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നുണ പറയുകയാണെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സി പി ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ആറ്റിങ്ങലിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടനത്തിനിടെ തന്നെ കായികമായി നേരിടാൻ ശ്രമം ഉണ്ടായെന്നാണ് ഗവർണറുടെ വാദം.
വേദിയിൽ ഒരുതരത്തിലുള്ള സംഘർഷമോ കൈയേറ്റ നീക്കമോ ഉണ്ടായിട്ടില്ലെന്ന് കണ്ണൂർ സർവകലാശാല, രാജ്‌ഭവൻ അധികൃതർക്ക് 2019ൽ തന്നെ രേഖാമൂലം റിപ്പോർട്ട് നൽകിയിരുന്നു. ചരിത്ര കോൺഗ്രസിൽ പ്രൊഫ. ഇർഫാൻ ഹബീബ് എഴുന്നേറ്റു ഗവർണറോടു സംസാരിച്ചുവെന്നത് ശരിയാണ്. എന്നാൽ, സംഘർഷാന്തരീക്ഷം ഉണ്ടായിരുന്നില്ലെന്നും പ്രോട്ടോകോൾ ലംഘനമുണ്ടായിട്ടില്ലെന്നും വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പരിപാടിയുടെ സി സി ടിവി ദൃശ്യങ്ങളടക്കം വിശദമായി പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
2019 ൽ പ്രൊഫ. ഇർഫാൻ ഹബീബിന് 88 വയസാണ് പ്രായം. വായോവൃദ്ധനായ ഒരാൾ തന്നെ കായികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന് വരുത്തിത്തീർക്കാൻ ആണ് ഗവർണർ ശ്രമിക്കുന്നത്. സംഭവം നടന്ന് മൂന്ന് കൊല്ലത്തിന് ശേഷം ഈ വിഷയം ഉയർത്തിക്കൊണ്ട് വരുന്നതിൽ ദുരുദ്ദേശമുണ്ട്. ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവതുമായി കേരള ഗവർണർ കൂടിക്കാഴ്ച നടത്തിയതിലും ദുരൂഹതയുണ്ട്.
മുഖ്യമന്ത്രി ഗൂഢാലോചന നടത്തി എന്ന പരാമർശം ഗവർണറുടെ പദവിക്ക് ചേരാത്ത അനേകം പരാമർശങ്ങളിൽ ഒന്നാണ്. ഇതിന്റെ പേരിൽ എന്തെങ്കിലും സ്ഥാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. കേരളത്തെ കാവി പുതപ്പിക്കാം എന്നത് ഗവർണറുടെ വ്യാമോഹം മാത്രമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും കേരളത്തിലെ എല്ലാവർക്കുമറിയാം. ഗവർണറെ പോലെ നിരവധി തോണികളിൽ സഞ്ചരിച്ച പാരമ്പര്യം അല്ല മുഖ്യമന്ത്രിക്കുള്ളത്. വാക്കിനും നിലപാടിനും സ്ഥിരതയില്ലാത്തയാളാണ് ഗവർണർ എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.